25 വയസിന് മുകളില്‍ പ്രായമായിട്ടും രാവിലെ ഒന്‍പത് മുതല്‍ അഞ്ചുമണി വരെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ വലിയ പരാജയമാണെന്ന് ഓണ്‍ലിഫാന്‍സ് താരം. പണം നൽകി വീഡിയോകളും ചിത്രങ്ങളും കാണുന്നതിനായുള്ള അഡൾട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോമായ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നാല്‍ ആവശ്യത്തിലധികം പണമുണ്ടാക്കാമെന്നും സ്ത്രീകളോട് താരത്തിന്‍റെ ഉപദേശം. യുഎസ്സിലെ ലോസ് ആഞ്ജലസില്‍ നിന്നുള്ള ലില്‍ ടെയ് എന്ന 18-കാരിയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ, പണമുണ്ടാക്കാന്‍ ആവശ്യമില്ലാതെ കഷ്ടപ്പെടേണ്ടെന്ന് പറയുന്നത്.
‘25 വയസ് പ്രായമെത്തുമ്പോഴേക്ക് നിങ്ങള്‍ ആവശ്യത്തിന് പണമുണ്ടാക്കി സാമ്പത്തികമായി സുരക്ഷിതരാകണം. സ്ത്രീകളേ, നിങ്ങള്‍ എല്ലാവരും ഞാന്‍ ചെയ്തത് പോലെ ലിങ്ക് (ഓണ്‍ലിഫാന്‍സ് ലിങ്ക്) പോസ്റ്റ് ചെയ്യൂ. നിങ്ങള്‍ പണമുണ്ടാക്കൂ.' -ലില്‍ ടായ് പറയുന്നു. ‘ആര് എന്ത് വിചാരിക്കുന്നുവെന്ന് ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ളവരൊന്നും എന്നോട് ഇപ്പോള്‍ സംസാരിക്കാറില്ല. ഞാനതൊന്നും ശ്രദ്ധിക്കാറില്ല. വേണമെന്ന് വെച്ചാല്‍ അവര്‍ക്കുള്ളതെല്ലാം സ്വന്തമാക്കാന്‍ കഴിയുന്ന അത്രയും പണക്കാരിയാണ് ഞാന്‍. ഞാന്‍ സംതൃപ്തയാണ്.' ലില്‍ ടായ് പറഞ്ഞു. വിദ്യാഭ്യാസത്തെ കുറിച്ച് മറന്നേക്കാനാണ് താരത്തിന്‍റെ പ്രഖ്യാപനം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പോയാല്‍ തനിക്ക് ഒരിക്കലും കോടിക്കണക്കിന് ഡോളറുണ്ടാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് താന്‍ സ്‌കൂള്‍ ഉപേക്ഷിച്ചതും പകരം ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതുമെന്നാണ് യുവതിയുടെ വാദം. അഡൾട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോമില്‍ ചേര്‍ന്നതിന്‍റെ പേരില്‍ കുടുംബത്തില്‍ നിന്ന് താന്‍ പുറത്തായെന്നും ലില്‍ ടായ് പറയുന്നു. കഴിഞ്ഞമാസം 18 വയസ് തികഞ്ഞ ദിവസമാണ് ലില്‍ ടായ് ഓണ്‍ലിഫാന്‍സില്‍ ചേര്‍ന്നത്. പ്രായപൂര്‍ത്തിയായതിന്‍റെ ആഘോഷമായാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ഓണ്‍ലിഫാന്‍സില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം താന്‍ പത്തുലക്ഷം ഡോളര്‍ നേടിയെന്ന് ലില്‍ ടെയ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.
അതേസമയം ലിൽ ടെയുടെ സോഷ്യല്‍മീഡിയയിലെ പരാമര്‍ശത്തോട് രൂക്ഷമായ ഭാഷയിലാണ് പലരു പ്രതികരിച്ചത്. ‘ ക്ഷമിക്കണം പെണ്‍കുട്ടീ, ഞാന്‍ കോളജില്‍ പോകുന്നു’ എന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ പ്രതികരണം. ‘ഒരു ഡോക്ടർ എന്നതിനർത്ഥം ഞാൻ പരാജയപ്പെട്ടു എന്നാണോ’ എന്നും മറ്റൊരാള്‍ ചോദിച്ചു.