ലിവ് ഇന്‍ ബന്ധങ്ങളെ ചുറ്റിപ്പറ്റി രാജ്യത്ത് നടക്കുന്ന ചർച്ചകൾക്കിടെ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണൗട്ട്. മതപ്രഭാഷകനായ അനിരുദ്ധാചാര്യ മഹാരാജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ദിഷ പഠാനിയുടെ സഹോദരി ഖുഷ്ബു പഠാനി തുറന്ന നിലപാട് എടുത്തതിനു പിന്നാലെയാണ് കങ്കണ രംഗത്തുവന്നത്.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതു സമൂഹത്തിനും സ്ത്രീകൾക്കും അപകടമാണെന്നായിരുന്നു അനിരുദ്ധാചാര്യയുടെ വാദം. ലിവ് ഇന്‍ ബന്ധങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്നും പിന്‍വലിക്കണമെന്നും സമൂഹമാധ്യമത്തിലൂടെ ഖുഷ്ബു തിരിച്ചടിച്ചു. ഇതോടെയാണ് സ്ത്രീകളാണ് സൂക്ഷിക്കേണ്ടതെന്ന വാദവുമായി കങ്കണയുമെത്തിയത്. സ്ത്രീകൾക്കാണ് ഇത്തരം ബന്ധങ്ങളിൽ ഏറ്റവും വലിയ ബാധ്യത നേരിടേണ്ടിവരുന്നതെന്ന് കങ്കണ പറയുന്നു. 'പുരുഷന്മാർക്ക് ഏത് സ്ത്രീയെയും ഗർഭിണിയാക്കി വിട്ട് പോകാൻ കഴിയും. സ്ത്രീയുടെ ജീവിതമാണ് മുഴുവനായും ബാധിക്കപ്പെടുന്നത്. അതിനാൽ സ്ത്രീകൾ ഇത്തരം ബന്ധങ്ങളിൽ കൂടുതൽ സൂക്ഷിക്കേണ്ടി വരും'- കങ്കണ വിശദീകരിക്കുന്നു.
കങ്കണയുടെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. ലിവ് ഇന്‍ ബന്ധങ്ങളുടെ നിയമപരവും സാമൂഹികവുമായ അംഗീകാരം, സ്ത്രീകളുടെ സുരക്ഷ, ബന്ധങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചര്‍ച്ച സജീവമാണ്.
സിനിമാതാരങ്ങളുടെയും മതനേതാക്കളുടെയും ഈ വിഷയത്തിലെ തുറന്നു പറച്ചില്‍ സമൂഹത്തിൽ ശക്തമായ പ്രതികരണങ്ങൾക്കാണ് കാരണമാകുന്നത്. യുവതലമുറയിൽ ലിവ് ഇന്‍ ബന്ധങ്ങൾക്ക് പിന്തുണ ഉയരുമ്പോൾ, പരമ്പരാഗത കാഴ്ച്ചപ്പാടുകളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം കടുത്ത വിമർശനവുമായി രംഗത്ത് വരുന്നതും ശ്രദ്ധേയമാണ്.