Picture Credits @jewelmary.official
കല്യാണം കഴിപ്പിച്ച് വിടാന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്. എന്നാല്‍ അവിടെ ഒരു പ്രശ്നം ഉണ്ടായാല്‍ എന്തുചെയ്യണമെന്ന് ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ?. ‘കുടുംബമാണ് വലുത്, എന്ത് വിലകൊടുത്തും ആ കുടുംബത്തെ സംരക്ഷിക്കണം എന്നുപറയുന്നവര്‍ ആരോഗ്യമുള്ള കുടുംബാന്തരീക്ഷത്തെക്കുറിച്ച് പറയാത്തതെന്തകൊണ്ടാണെന്നാണ്?. നടിയും അവതാരകയുമായ ജുവല്‍മേരിയുടെ ചോദ്യമാണ്. ALSO READ; 'ഡിവോഴ്സിനായി പോരാടി, അതിനിടയില്‍ ക്യാന്‍സര്‍; ശബ്ദം ഇല്ലാതെയായി'; അതീജീവനത്തെക്കുറിച്ച് ജുവല്‍മേരി
ആരോഗ്യം, മാനസിക ആരോഗ്യം, വ്യക്തിത്വം എന്നുതുടങ്ങി എന്തുതന്നെ ത്യജിക്കേണ്ടി വന്നാലും കുടുംബത്തെ സംരക്ഷിക്കണം എന്നാണ് പറയുന്നത്. പക്ഷേ സമാധാനമില്ലാത്ത കുടുംബത്തില്‍ എങ്ങനെ ജീവിക്കും. ഇതൊക്കെ അനുഭവിക്കുന്നവര്‍ക്ക് ഒരു വ്യക്തതയുണ്ടാകില്ലെന്നും ജുവല്‍ പറയുന്നു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുത്തിലാണ് ജുവലിന്‍റെ ഈ തുറന്നു പറച്ചില്‍. അഭിമുഖത്തിന്‍റെ ആദ്യഭാഗത്തില്‍ വിവാഹമോചനത്തെക്കുറിച്ചും കാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ചുമെല്ലാം ജുവല്‍ പറഞ്ഞിരുന്നു. തന്നില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും മനുഷ്യരെ പഠിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചുമാണ് ജുവല്‍ അഭിമുഖത്തിന്‍റെ രണ്ടാംഭാഗത്തില്‍ സംസാരിക്കുന്നത്.
വിവാഹമോചനത്തിന് തയ്യാറായപ്പോള്‍ അതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്നാണ് ജുവല്‍ പറഞ്ഞിരിക്കുന്നത്. കൗണ്‍സിലിംഗിനു ചെന്നപ്പോള്‍ നേരിടേണ്ടി വന്നത് മോശം അനുഭവമായിരുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട്. ‘അനാവശ്യ ചോദ്യങ്ങളാണ് അവിടെ ഉയര്‍ന്നത്, മുന്നിലിരുന്നത് ഒരു പുരുഷനായിരുന്നു. വെര്‍ബല്‍ റേപ്പ് എന്നുതന്നെ പറയാം. പക്ഷേ താന്‍ അവിടെ മറുചോദ്യം ചോദിച്ചു. എന്തിനാണ് ഈ ചോദ്യം എന്ന് വ്യക്തമായി ചോദിച്ചു. എന്നാല്‍ വിദ്യാഭ്യാസവും അറിവുമില്ലാത്ത എത്രയോപേര്‍ വന്നുപോകുന്നയിടമല്ലേ. ഇങ്ങനെ തിരിച്ചുചോദിക്കാന്‍ ആര്‍ജവമില്ലാത്തവരും ഉണ്ടാകില്ലേ എന്നാണ് ജുവല്‍ ചോദിക്കുന്നത്.
എനിക്ക് പ്രശ്നങ്ങളുണ്ടായപ്പോള്‍ ഞാന്‍ എന്‍റെ അമ്മയോട് പറഞ്ഞിരുന്നു. എല്ലാ അമ്മമാരും പറയുന്നതുപോലെ പ്രാര്‍ഥിക്ക് എന്നാണ് അമ്മ പറഞ്ഞത്. അമ്മയ്ക്ക് അതേ അറിയുമായിരുന്നുള്ളൂ. പിന്നീട് എന്‍റെ വീട്ടിലേക്ക് മാറേണ്ടി വന്ന സാഹചര്യമുണ്ടായി. അപ്പോള്‍ ഒരിക്കല്‍ ഞാന്‍ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞു. എന്‍റെ അനിയത്തിയോട് കാര്യങ്ങള്‍ പറഞ്ഞു. അവളാണ് ചേച്ചി ഇനി തിരിച്ച് പോകേണ്ടെന്ന് എന്നോട് പറഞ്ഞത്. അവളാണ് അന്ന് രാത്രി തന്നെ അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയത്. അവളുടെ ഉറച്ച നിലപാട് കൂടിയായിരുന്നു അത്. പിന്നീടാണ് എനിക്കും മനസ്സിലായി തുടങ്ങിയത് ഞാനാണ് എന്നെ രക്ഷിക്കേണ്ടതെന്ന്. മൂന്നുവര്‍ഷം മ്യൂച്ചല്‍ ഡിവോഴ്സിനു വേണ്ടി കഷ്ടപ്പെട്ടു.
ഇതിനിടയില്‍ സെല്‍ഫ് റെസ്പെക്ടാണ് ഒരാളെ സംബന്ധിച്ച് ഏറ്റവും വലുതെന്ന തിരിച്ചറിവുണ്ടായത്. ഒരു വ്യക്തിക്ക് സമാധാനവും ആരോഗ്യവുമില്ലെങ്കില്‍ അതിനുചുറ്റുമുള്ളതെല്ലാം നശിച്ചുപോകും. അവിടെ ആണ്‍–പെണ്‍ വ്യത്യാസമൊന്നുമില്ല. വ്യക്തിമൂല്യങ്ങള്‍ക്കാണ് പ്രാധാന്യം. അങ്ങനെയുള്ളവര്‍ എവിടെയും അനാവശ്യമായി തലകുനിക്കില്ല. ഇതാണ് പഠിപ്പിക്കേണ്ടത്. എനിക്ക് തോന്നുന്നത് 2005 ശേഷമുള്ള പിള്ളേര്‍ അങ്ങനെയാണെന്നാണ്. കാരണം സെല്‍ഫ് റെസ്പെക്ടും കോണ്‍ഫിഡന്‍സും ഉള്ളവരാണ് ഇവര്‍. എന്‍റെയൊക്കെ കാലത്തുള്ളവര്‍ക്ക് വെറുതെ ഒരു തെറ്റിദ്ധാരണയുണ്ട്, എല്ലാം ശരിയാകും എന്നും. എന്നാല്‍ എങ്ങനെ ശരിയാക്കണമെന്നറിയില്ല. മനുഷ്യരെ കണ്ടുപഠിക്കുക, അവരുടെ ശരിയോ തെറ്റോ നോക്കേണ്ട മനുഷ്യരിലേക്ക് നോക്കുക അപ്പോള്‍ കാര്യം മനസ്സിലാകും
ഇനി മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അവിടെ എന്‍റെ സമാധാനത്തിനാകും പ്രാധാന്യം കൊടുക്കുക. എന്‍റെ സമാധാനം നിലനിര്‍ത്താനും അതിനുള്ള ഇടവും ആ സമാധാനത്തില്‍ സന്തോഷിക്കുന്ന ഒരു മനുഷ്യനെയുമാണ് വേണ്ടത്. ഇപ്പോള്‍ എനിക്ക് ഒന്നിനേയും പേടിയില്ല. നേരത്തെ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയുണ്ടായിരുന്നു. പക്ഷേ ഒറ്റയ്ക്ക് താമസിക്കാന്‍ ഞാന്‍ തീരുമാനിച്ചതോടെ അത് മാറി. എനിക്ക് ഒറ്റയ്ക്ക് പറ്റില്ലെന്ന് പറഞ്ഞിടത്ത് നിന്ന് ഒറ്റയ്ക്ക് താമസിക്കുമ്പോഴാണ് പേടിയില്ലാതാകുന്നത് എന്ന് ഇപ്പോള്‍ പറയാം. കാരണം അവിടെ ഒച്ചയെടുക്കാനോ ചോദ്യം ചെയ്യാനോ ആരുമില്ല. വേറെയൊരാളുടെയും അഭിപ്രായം നോക്കേണ്ട. നല്ല രസമാണ് എന്‍റെ ജീവിതമിപ്പോള്‍’– ജുവല്‍ പറയുന്നു.