ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് മൃണാള്‍ താക്കൂര്‍. ബിപാഷ ബസു 'മസിലുകളുള്ള പുരുഷനെപ്പോലെ'യാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായതിനുപിന്നാലെയാണ് മൃണാള്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കൗമാരക്കാരിയായിരുന്ന തനിക്ക് അന്ന് പറ്റിയ ഒരു മണ്ടത്തരമായിരുന്നു അതെന്നാണ് മൃണാള്‍ പറഞ്ഞത്. അങ്ങനെ സംഭവിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പോസ്റ്റില്‍ മൃണാള്‍ പറഞ്ഞു.
'19 വയസുള്ള കൗമാരക്കാരിയായിരുന്ന ഞാന്‍ പല മണ്ടത്തരങ്ങളും പറഞ്ഞിട്ടുണ്ട്. എന്‍റെ വാക്കുകള്‍ക്കോ തമാശകള്‍ക്കോ പോലും എത്രത്തോളം ആളുകളെ വേദനിപ്പിക്കാനാവുമെന്ന് എനിക്ക് മനസിലായില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചു. അതിലെനിക്ക് വിഷമമുണ്ട്. ആരേയും ബോഡി ഷെയിം ചെയ്യണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു അഭിമുഖത്തില്‍ തമാശയായി പറഞ്ഞതാണ്. എന്നാല്‍ അതിരുവിട്ടു പോയി. എന്‍റെ വാക്കുകളെ സൂക്ഷ്മതയോടെ ഉപയോഗിച്ചിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നു. കാലങ്ങള്‍ കടന്നപ്പോള്‍ എല്ലാ രൂപത്തിലും സൗന്ദര്യം വരുമെന്ന് മനസിലാക്കി. അതാണ് ഞാനിപ്പോള്‍ വിലമതിക്കുന്നത്,' മൃണാള്‍ താക്കൂര്‍ കുറിച്ചു.
കുങ്കുംഭാഗ്യ എന്ന സീരിയലിൽ അഭിനയിക്കുന്ന കാലത്ത് നല്‍കിയ അഭിമുഖത്തിലായിരുന്നു മൃണാളിന്‍റെ വിവാദപരാമര്‍ശങ്ങള്‍.
ബിപാഷയെക്കാൾ മികച്ചത് താനാണെന്നും 'മസിലുകളുള്ള പെൺകുട്ടിയെയാണ് നിങ്ങൾ കല്യാണം കഴിക്കാനാഗ്രഹിക്കുന്നതെങ്കില്‍ പോയി ബിപാഷയെ കല്യാണം കഴിച്ചോളൂ' എന്നും തമാശയായി പറയുന്നുണ്ട്.
പിന്നാലെ മറുപടിയുമായി ബിപാഷ രംഗത്തെത്തിയിരുന്നു. "ശക്തരായ സ്ത്രീകൾ പരസ്പരം താങ്ങാവുക" എന്നാണ് ബിപാഷ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത് . "സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുകൾ ഉണ്ടാക്കൂ. നമ്മൾ ശക്തരായിരിക്കണം. മസിലുകൾ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കും! സ്ത്രീകൾ ശാരീരികമായി ശക്തരായിരിക്കരുത് എന്ന പഴഞ്ചൻ ചിന്താഗതിയെ തകർക്കുക!" ബിപാഷ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഈ വാക്കുകൾ മൃണാളിനുള്ള പരോക്ഷ മറുപടിയാണെന്നാണ് പലരും കരുതുന്നത്.