സൗദി അറേബ്യയില്‍ നിര്‍മ്മിച്ച അറബിക് ചിത്രത്തിന് നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി മലയാളി കോറിയോഗ്രാഫര്‍. റിയാദിലെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി ഡയറക്ടറും തിരുവനന്തപുരം ജഗതി സ്വദേശിയുമായ വിഷ്ണു വിജയനാണ് 'ഖശ്മൂഅ' എന്ന ചിത്രത്തിന് നൃത്തച്ചുവടൊരുക്കിയത്.
“ഖശ്മൂഅ“ എന്നാല്‍ മെഴുകുതിരി എന്നാണ് അര്‍ത്ഥം. മറ്റുളളവര്‍ക്ക് പ്രകാശം പരത്താന്‍ എരിഞ്ഞമരുന്ന മെഴുകുതിരിയായി മാറുന്ന യുവാവിന്റെ കഥയാണ് കേന്ദ്ര കഥാപാത്രമായ 'ഖശ്മൂഅ' അവതരിപ്പിക്കുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ഓരോ ദിവസവും യുവാവിന് നേരിടേണ്ടി വരുന്നത്. എന്നാല്‍ സത്യസന്തതയും സമൂഹിക മൂല്യവും നിലനിര്‍ത്തി പൊതുജനങ്ങള്‍ക്കു പാഠമാകുന്ന രസകരമായ വിവിധ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഹാസ്യ പ്രണയ കഥ എന്ന നിലയിലാണ് സിനിമയെ ശ്രദ്ധേയമാക്കുന്നതെന്ന് സിനിമയുടെ കൊ റിയോഗ്രാഫര്‍ വിഷ്ണു വിജയന്‍ പറഞ്ഞു.
ഈജിപ്ഷ്യന്‍ നടനും സംവിധായകനുമായ മുഅതസ് അല്‍ ടോണിയാണ് സിനിമയുടെ സംവിധാനം. മുഹമ്മദ് അല്‍റാഷിദ്, മുഹമ്മദ് അജില എന്നിവരുടേതാണ് രചന. സൗദിയിലെ മുഴുവന്‍ തീയേറ്ററുകളിലും ചിത്രം റിലീസ് ചെയതതോടെ ഏറെ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.