1974ല്‍ ചിത്രീകരിച്ച അപൂര്‍വരാഗങ്ങളിൽ തുടങ്ങി കൂലിയിൽ എത്തി നിൽക്കുന്നു രജനികാന്ത് പ്രതിഭയുടെ പകർന്നാട്ടം. സിനിമയില്‍ 50-ാം വര്‍ഷം പൂര്‍ത്തിയാക്കിയ സ്റ്റൈല്‍ മന്നന്‍റെ ജീവിതം വിജയം ഏവര്‍ക്കും മാതൃകയാണ്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ട കന്നടപയ്യൻ... കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് ഇന്ന് കാണുന്ന സൂപ്പർസ്റ്റാർ പദവിയിൽ എത്തിയത് ആ കഠിന പ്രയത്നം കൊണ്ട് മാത്രം. ആ ജീവിതവിജത്തിന്‍റെ പേരാണ് രജനികാന്ത്.
ട്രാൻസ്പോർട്ട് ബസിലെ ദിവസ കൂലിക്കാരനായ കണ്ടക്ടർ ശിവാജി റാവോയിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ ഒരേ ഒരു രജനികാന്തിനെ കണ്ടെത്തിയത് സംവിധായകൻ കെ ബാലചന്ദർ ആണ്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന സ്റ്റൈല്‍ മന്നന്‍..അപൂർവ രാഗങ്ങൾ എന്ന കമൽഹാസൻ ചിത്രത്തിൽ വില്ലനായാണ് എത്തിയത്. അന്നത്തെ ആ വില്ലൻ പിന്നീട് തലമുറകളുടെ നായകനായി.തമിഴരുടെ തലൈവറായി...
രസികപെരുമക്കളുടെ കൈ തട്ട് വലിയ അവാർഡ് ആയി കണ്ട അദ്ദേഹം സിനിമയിലെ നാട്യങ്ങൾ ജീവിതത്തിൽ ഇല്ലാത്ത പച്ചയായ മനുഷ്യനായി.. രജിനി എന്ന ഒറ്റ പേരു കണ്ട് ജനം തിയറ്ററുകളിലേക്കെത്തി. കട്ടൗട്ടുകളും പോസ്റ്ററുകളും തെരുവുകളിൽ നിറഞ്ഞു. തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം ഹിന്ദി ചിത്രങ്ങളിലെല്ലാം അദ്ദേഹം അഭിനയിച്ചു. 1988ൽ ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. 90കളുടെ തുടക്കം മുതലാണ് രജനികാന്തിന്റെ അന്താരാഷ്ട്ര വിപണിമൂല്യം കുത്തനെ ഉയരുന്നത്. 2010 ശങ്കർ സംവിധാനം ചെയ്ത് ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ തമിഴ് സിനിമ ചരിത്രത്തിലെ തന്നെ സുവർണ്ണ ഏടാണ്. രജിനിയുടെ സ്വാഗും ക്ലാസും ഇരട്ടിമൂല്യത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞു. ഏഴു തലമുറകൾക്കപ്പുറവും എത്ര താരങ്ങൾ വന്നാലും തലൈവർ കെട്ടി പണിതുയർത്തിയ സാമ്രാജ്യവും താര സിംഹസനവും ആർക്കും തകർക്കാൻ സാധിക്കില്ല.