പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി. വിധി നിരാശാജനകവും അപ്രതീക്ഷിതവുമെന്നും സാന്ദ്രതോസ്. എറണാകുളം സബ് കോടതി ഉത്തരവിനെതിരെ  നിയമ വിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികളെന്നും സാന്ദ്ര പറഞ്ഞു.  ഹർജികൾ തള്ളിയത് തിരിച്ചടിയായി കാണുന്നു.  ഈ തിരിച്ചടി നമ്മൾ പ്രതീക്ഷിക്കണമല്ലോ, അത്ര ഉന്നതരും ആയിട്ടാണ് ഞാൻ ഫൈറ്റ് ചെയ്തത്.  നിയമ പോരാട്ടം തുടരും.  എന്റെ അസഹിഷ്ണുത കാരണമാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ലിസ്റ്റിൻ പ്രതികരിച്ചത് എന്താണെന്ന് എനിക്കറിയില്ല. 

  ലിസ്റ്റിനെ പോലെ സ്വന്തം വീട്ടിലേക്ക് പൈസ കൊണ്ടുപോകാൻ അല്ല ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.  നിർമ്മാതാക്കൾക്ക് ഉപകാരമല്ലാത്ത തീരുമാനങ്ങൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഞാൻ പോരാടും.  ഒരു സിനിമ ചെയ്യാൻ അധികം നേരം ഒന്നും വേണ്ടല്ലോ, അടുത്ത തവണ മത്സരിക്കാൻ ഞാൻ എന്തായാലും ഉണ്ടാകുമെന്ന് സാന്ദ്ര പ്രതികരിച്ചു. സാന്ദ്രാ തോമസിനെതിരെ നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും വിജയ് ബാബുവും അടക്കം രംഗത്തെത്തിയിരുന്നു.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കിൽ 3 സെൻസർ സർട്ടിഫിക്കറ്റ് പ്രൊഡക്‌ഷൻ കമ്പനിയുടെ പേരിൽ വേണം. അതാണു ബൈലോയിൽ പറയുന്നത്. സാന്ദ്ര തോമസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റല്ല വേണ്ടത്. സാന്ദ്ര തോമസ് പ്രൊഡ‌ക്‌ഷൻ ഹൗസിന്റെ പേരിലുള്ള സർട്ടിഫിക്കറ്റാണു വേണ്ടതെന്ന് ലിസ്റ്റിന്‍ സാന്ദ്രയ്ക്ക് മറുപടിയായി പറഞ്ഞിരുന്നു. Also Read: പര്‍ദയിട്ട് വന്നു; പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ; സാന്ദ്രയെ പരിഹസിച്ച് ലിസ്റ്റിന്‍

അതേസമയം, സിനിമാസംഘടനകളുടെ തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിലും തമ്മിലടി. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ സജി നന്ത്യാട്ട് അംഗത്വം സംബന്ധിച്ച രേഖകളിൽ കൃത്രിമം നടത്തിയെന്ന് ഫിലിം ചേംബർ ആരോപിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മൽസരിക്കാതിരിക്കാൻ നാലഞ്ചുപേർ ഗൂഢാലോചന നടത്തിയെന്നും മൽസരിക്കുമെന്നും സജി നന്ത്യാട്ട് തിരിച്ചടിച്ചു. 27നാണ് ഫിലിം ചേംബർ തിരഞ്ഞെടുപ്പ്.

തിങ്കളാഴ്ചയാണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചത്. എന്നാൽ സജിയുടെ അംഗത്വം ഭരണസമിതി റദ്ദാക്കുകയായിരുന്നുവെന്നാണ് ഫിലിം ചേംബർ വിശദീകരണം. വരുന്ന തിരഞ്ഞെടുപ്പിൽ ചേംബറിന്റെ പ്രസിഡന്റ് സ്ഥാനം സിനിമ വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ സജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനിൽനിന്ന് ചേംബറിലേക്ക് അംഗത്വത്തിനായി രേഖകൾ സമർപ്പിച്ചിരുന്നു. ഇതിൽ കൃത്രിമം നടന്നുവെന്ന് നിർമാതാവായ മനോജ്‌ റാംസിങ് ചേംബറിന് പരാതി നൽകിയിരുന്നു.

ഈ പരാതി ശരിയാണെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് രാജിയെന്നാണ് ചേമ്പർ നിലപാട്. എന്നാൽ ആരോപണം സജി നന്ത്യാട്ട് തള്ളി. അംഗത്വരേഖയിൽ പാർട്ണർ എന്നതിന് പ്രൊപ്രൈറ്റർ എന്ന് എഴുതിയതാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും ഏതെങ്കിലും വ്യക്തികൾ വെള്ളക്കടലാസിൽ പരാതി അയച്ചാൽ അയോഗ്യനാകുമോയെന്നും സജി നന്ത്യാട്ട് പ്രതികരിച്ചു. അനിൽ തോമസ് ആണ് തനിക്കെതിരായ നീക്കത്തിനു പിന്നിൽ. സാന്ദ്ര തോമസിനെതിരെയും അനിൽ പ്രവർത്തിക്കുന്നുണ്ട്. തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും സംഘടന മോശമാകാതിരിക്കാനാണ് പുറത്തുവിടാത്തതെന്നും സജി നന്ത്യാട്ട് പറഞ്ഞു.

ENGLISH SUMMARY:

The petition filed by Sandra Thomas against the rejection of her nomination papers in the Producers’ Association election has been dismissed. Sandra described the verdict as disappointing and unexpected. She said she would consult legal experts regarding future steps against the Ernakulam Sub Court’s order. Producers including Listin Stephen and Vijay Babu had opposed Sandra’s candidacy.