ജാന്‍വി കപൂറും സിദ്ധാർഥ് മൽഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പരം സുന്ദരി’. റൊമാന്റിക് കോമഡി എന്റർടെയ്നര്‍ ആയി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തുഷാർ ജലോത്രയാണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവന്നതിന് പിന്നാലെ കമന്‍റ് ബോക്സിലാകെ മലയാളികളായ മോഹന്‍ലാല്‍ ആരാധകരാണ്. ഒരു ഹിന്ദി ചിത്രത്തിന്‍റെ ട്രെയിലറിന്‍റെ കമന്‍റ് ബോക്സില്‍ മലയാളികളെത്താന്‍ തക്കതായ കാരണവുമുണ്ട്.
നായികയായ ജാന്‍വി കപൂര്‍ മലയാളി പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ എത്തുന്നത്. ട്രെയിലറിന്‍റെ അവസാനഭാഗത്ത് നോര്‍ത്ത് ഇന്ത്യക്കാരനായ നായകന് സൗത്ത് ഇന്ത്യയിലെ താരങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന സീനാണ് ഇതിന് കാരണം. മലയാളത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍, തമിഴ്നാട്ടില്‍ രജനികാന്ത്, തെലുങ്കില്‍ അല്ലു അര്‍ജുന്‍, കന്നഡയില്‍ യാഷ് എന്ന ജാന്‍വിയുടെ ഡയലോഗാണ് ലാലേട്ടന്‍ ആരാധകര്‍ ഏറ്റെടുത്തത്.
നോര്‍ത്ത് ഇന്ത്യക്കാരനായ നായകന്‍ കേരളത്തിലേക്കെത്തുന്നതാണ് ട്രെയിലറില്‍ ഉടനീളം കാണിക്കുന്നത്. കേരളത്തിന്‍റെ സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യവുമെല്ലാം ട്രെയിലറില്‍ പലയിടത്തും കാണാന്‍ കഴിയുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളെക്കുറിച്ചാണ് ജാന്‍വി അവസാനം പറഞ്ഞത്, കേരള എക്സ്പ്രസ്, സന്തോഷം ആയി മോളേ, ലാലേട്ടന്‍റെ തട്ട് താണ് തന്നെ ഇരിക്കും എന്നൊക്കെയാണ് കമന്‍റുകള്‍. എന്നാല്‍ ചെന്നൈ എക്സ്പ്രസിന്‍റെ കേരള പതിപ്പാണ് ചിത്രമെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.