തന്‍റെ അനുവാദമില്ലാതെ സെല്‍ഫിയെടുത്തയാളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍.നിങ്ങളെന്താണ് കാണിക്കുന്നത് എന്ന് ചോദിച്ച് ഫോണ്‍ തട്ടിമാറ്റുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് പുറത്തുവെച്ചായിരുന്നു സംഭവം.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ ഗേറ്റിൽ വെച്ച് ജയാ ബച്ചൻ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് യുവാവ് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ ജയാ ബച്ചൻ തള്ളിമാറ്റുകയും, "എന്താണിത്?" എന്ന് ദേഷ്യത്തോടെ ചോദിക്കുകയുമായിരുന്നു. ഉടന്‍ ഇയാള്‍ ക്ഷമചോദിച്ചു.
ഇതേ വിഡിയോയിൽ എംപിമാരായ മീസാ ഭാരതിയെയും പ്രിയങ്ക ചതുർവേദിയെയും കാണാം. മീസാ ഭാരതിയും യുവാവിനോട് എന്തോ പറയുന്നുണ്ട്.വിഡിയോ വൈറലായതോടെ ഒട്ടേറെപ്പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘അധികാര സ്ഥാനത്തിരിക്കുന്ന ഏറ്റവും മോശം സ്ത്രീയാണിവർ. അമിതാഭ് ബച്ചന്റെ ഭാര്യയായതിനാലാണ് ആളുകൾ ഇവരെ സഹിക്കുന്നത്. ജയയുടെ തലയിലെ സമാജ്‌വാദി തൊപ്പി പൂവൻകോഴിയുടെതു പോലെയാണെന്നും കാണുമ്പോള്‍ ലജ്ജ തോന്നുന്നു എന്നുമാണ് വിഡിയോ പങ്കുവച്ചു കൊണ്ട് കങ്കണ റനൗട്ട് പ്രതികരിച്ചത്.
ഇത് ആദ്യമായല്ല ജയാ ബച്ചൻ ഇത്തരത്തിൽ പ്രതികരിക്കുന്നത്. ആരാധകരുമായി ഫോട്ടോയെടുക്കുന്നതിനോട് പൊതുവേ താല്‍പര്യമില്ലാത്ത ആളാണ് ജയബച്ചന്‍.കഴിഞ്ഞ ഏപ്രിലിൽ, നടൻ മനോജ് കുമാറിന്റെ മരണത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനാ യോഗത്തിൽ വെച്ച് പ്രായമായ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ജയാ ബച്ചൻ ദേഷ്യപ്പെട്ടിരുന്നു. അന്ന്,സ്ത്രീയുടെ കൈ തട്ടിമാറ്റുകയും അത്തരമൊരു സന്ദര്‍ഭത്തില്‍ ഫോട്ടോയെടുക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അനുവാദമില്ലാതെ സെല്‍ഫിയും വിഡിയോയും എടുക്കുന്നവരോടുളള അനിഷ്ടത്തെക്കുറിച്ച് മുന്‍പും അവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. "മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നവരെ എനിക്ക് വെറുപ്പാണ്. എന്‍റെ ദേഷ്യത്തെക്കുറിച്ചുള്ള വീഡിയോകൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഇട്ട് ജീവിക്കുന്നവരെ എനിക്ക് തീരെ ഇഷ്ടമല്ല. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല," ജയാ ബച്ചൻ പറഞ്ഞു.