അടുത്തിടെയാണ് തനിക്ക് ഓട്ടിസമുണ്ടെന്ന് ഗായിക ജ്യോത്സന തുറന്നുപറഞ്ഞത്. ഓട്ടിസത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇത് തുറന്നുപറയുന്നതെന്നും, ജീവിതത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസൾട്ടായിരുന്നെന്നും ജ്യോത്സന പറഞ്ഞിരുന്നു. വീണ്ടും ഓട്ടിസത്തെ പറ്റി സംസാരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക.
ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വയം തന്നോട് തന്നെ സ്നേഹവും അനുകമ്പയും തോന്നിയെന്ന് ജ്യോത്സന പറഞ്ഞു. ഓട്ടിസത്തെ അങ്ങനെയൊരു മാരകരോഗമായിട്ടൊന്നും കാണണ്ടെന്നും ആ തിരിച്ചറിവ് വലിയ ശക്തി നല്‍കുെമന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ജ്യോത്സന പറഞ്ഞു.
'എല്ലാം ഓട്ടിസം കൊണ്ടാണെന്ന് പറയണ്ടെന്ന് ആളുകള്‍ പറയും. എന്നാല്‍ ഞാന്‍ ചെയ്യുന്ന എല്ലാത്തിനോടും ബന്ധപ്പെട്ടാണ് ഇതിരിക്കുന്നത്. എന്‍റെ അനുഭവങ്ങളും, ചിന്തകളും തീരുമാനങ്ങളും എല്ലാം ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. തലച്ചോറിന്‍റെ പേഴ്സണാലിറ്റി എന്താണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അത് വലിയ സഹായമായിരിക്കും. 50കളിലോ 60കളിലോ ആയിക്കോട്ടെ, അതൊന്നും കാര്യമാക്കണ്ട. അത് പരിശോധിക്കാന്‍ നോക്കുക. 37 വയസിലാണ് എനിക്ക് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞത്. ജീവിതത്തിലാദ്യമായി എനിക്ക് എന്നോട് തന്നെ സ്നേഹം തോന്നി, മനസിലാക്കി, അനുകമ്പ തോന്നി. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ജീവിക്കുന്നത് ആ രീതിയിലാണ്. അത്രേയുള്ളൂ, അതിനെ അങ്ങനെയൊരു മാരകരോഗമായിട്ടൊന്നും കാണണ്ട. ആ തിരിച്ചറിവ് വലിയ ശക്തി നല്‍കും,' ജ്യോത്സന പറഞ്ഞു.