നടൻ അലൻസിയറിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അലൻസിയർ പൊലീസ് വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ ആണ് പ്രചരിക്കുന്നത്. അതിൽ താരം വല്ലാതെ മെലിഞ്ഞിരിക്കുന്നതായി കാണാം. ഈ രൂപമാണ് പ്രേക്ഷകർ ചർച്ചയാക്കുന്നതും. അലൻസിയറിന് മാരകമായ എന്തോ അസുഖമാണെന്നും അതുകൊണ്ടാണ് മെലിഞ്ഞതെന്നുമൊക്കെയുള്ള പല നിഗമനങ്ങളും ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നുമുണ്ട്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘വേറെ ഒരു കേസ്’ എന്ന സിനിമയിൽ നിന്നുള്ള ചിത്രമാണിത്. അലൻസിയർ പൂർണ ആരോഗ്യവാനാണെന്നും ചില ആളുകളുടെ ഭാവനയിൽ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്നും ഷെബി ചൗഘട്ട് പറഞ്ഞു.

മെലിയാനായി കുറച്ച് ടിപ്സും ഞാൻ പറഞ്ഞു കൊടുത്തു

‘അലൻസിയറുടെ രൂപമാറ്റം ആണല്ലോ ഇപ്പോൾ ചർച്ച. കുറച്ച് നാൾ മുൻപാണ് എന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ അലൻസിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. തിരികെ പോകുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് തമാശയ്ക്ക് കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതിന് മറുപടി ആയി ചിരിക്കുക മാത്രമാണ് ചെയ്തത്. മെലിയാനായി കുറച്ച് ടിപ്സും ഞാൻ പറഞ്ഞു കൊടുത്തു.

പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ‘വേറെ ഒരു കേസ്’ എന്ന എന്റെ ചിത്രത്തിന്റെ ലൊക്കേഷനിലാണ്. അലൻസിയർ ഒരുപാട് മെലിഞ്ഞു എന്ന് പറഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഷുഗർ സംബന്ധമായ അസുഖമോ മറ്റോ ആണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഒരു ചിരിയോടെ ഷെബിയുടെ പടത്തിന് വേണ്ടി ഡയറ്റിങ്ങിൽ ആയിരുന്നു എന്നദ്ദേഹം മറുപടി നൽകി. തിരുവനന്തപുരത്തും പരിസരത്തുമായി ചിത്രീകരണം പൂർത്തിയായ ‘വേറെ ഒരു കേസ്’ പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. ‘കാക്കിപ്പട’ എന്ന സിനിമയ്ക്കു ശേഷം ഷെബി സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് ഇത്.

ENGLISH SUMMARY:

Alencier's transformation is currently a hot topic. The actor's dramatic weight loss for his role in 'Vere Oru Case' has sparked discussions among fans.