vinayakan-fb

അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് നടൻ വിനായകൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിനായകൻ തന്‍റെ അധിക്ഷേപ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ അടൂരിന്‍റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്‍റെ അധിക്ഷേപം.

വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ എന്നും വിനായകൻ ചോദിച്ചു. സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും, എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും സ്ത്രീ സംവിധായകര്‍ക്കുമെതിരെ  സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അടൂരിനെ വിമർശിച്ച് വിനായകൻ രംഗത്തെത്തിയത്.

ENGLISH SUMMARY:

Vinayakan defends his remarks insulting director Adoor Gopalakrishnan and singer Yesudas. The actor reaffirmed his stance on social media, questioning their past actions and statements.