shweta-menon-case

TOPICS COVERED

നടി ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് കേസ്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്. കാമസൂത്ര പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചിട്ടുണ്ടെന്നും അതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലുമൊക്കെ പ്രചരിക്കുന്നു എന്നിങ്ങനെയാണ് ആരോപണങ്ങൾ.

അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഈ മാസം 15ന് നടക്കാനിരിക്കെ ഉയർന്നു വരുന്ന ഒട്ടേറെ വിഷയങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ശ്വേതയ്ക്കെതിരെയുള്ള കേസ്. നടൻ ജഗദീഷ് പിന്മാറിയതോടെ ശ്വേത മേനോൻ സംഘടനയുടെ പ്രസിഡന്റാകാൻ സാധ്യത വർധിച്ച സാഹചര്യത്തിലാണ് കേസ് എന്നതും പ്രധാനമാണ്. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മത്സരം മുറുകുന്നതിനിടെയാണ് മുൻപ് അഭിനയിച്ച സിനിമകളിലെ രംഗങ്ങളുടെ പേരിൽ ശ്വേതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Shweta Menon faces legal action as a case is filed against the actress under IT Act and Immoral Trafficking Act, alleging earnings from obscene films. This development comes amid her increased chances for the AMMA association's presidency, adding a new dimension to the ongoing elections.