കാസർകോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തുറന്നു കാട്ടിയതെന്ന് കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്‍. ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു. സിനിമ കണ്ടിരുന്നെങ്കില്‍ കേരളത്തിലെ മന്ത്രിമാര്‍ വിമര്‍ശിക്കില്ലായിരുന്നുവെന്നും സുദീപ്തോ സെന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്. തുടക്കത്തിൽ വിവാദങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായി. സിനിമ പ്രേക്ഷകർ കണ്ടുതുടങ്ങിയതോടെ വിവാദവും പരാതിയും പതിയെ കെട്ടടങ്ങി. ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു. യുഎസിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ISIS പിന്തുടർന്ന മാതൃക ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിച്ചതിന് എതിരെയായിരുന്നു സിനിമ. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. 5 കോടി ആളുകൾ തിയറ്ററുകളിലും 25കോടി ആളുകൾ ഒടിടിയിലും കേരള സ്റ്റോറി കണ്ടു. ജനങ്ങളുടെ പുരസ്കാരം ലഭിച്ചു. അപ്പോഴും ദേശീയ പുരസ്കാരം വലുതാണ്.
സിനിമ കണ്ടിരുന്നെങ്കിൽ മന്ത്രി വിമര്‍ശിക്കില്ലായിരുന്നുവെന്നും സുദീപ്തോ സെന്‍. വിമർശിച്ച പലരെയും എനിക്കറിയാം. സിനിമ കണ്ടപ്പോൾ അവരുടെ അഭിപ്രായം മാറി. പതിനെട്ട് വർഷമായി ഞാൻ കേരളത്തിൽ പോയിവരുന്നു. ഒരു മലയാള സിനിമ ഞാൻ ചെയ്തിട്ടുമുണ്ട്. കേരളം എന്റെ രണ്ടാമത്തെ വീടാണ്. മന്ത്രി ദയവുചെയ്ത് സിനിമ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. കാസർകോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഞാൻ സിനിമയിൽ തുറന്നു കാട്ടിയത്.
അതേസമയം, കേരള സ്റ്റോറിക്ക് ദേശീയപുരസ്കാരം നല്‍കിയതില്‍ വ്യാപക വിമര്‍ശനമാണ്. ദേശീയ പുരസ്കാര ജൂറി കേരളത്തെ അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ ലക്ഷ്യമാണ് കേരള സ്റ്റോറിയിലൂടെ പരീക്ഷിച്ചത്. ജനാധിപത്യ വിശ്വാസികള്‍ ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.
മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ദി കേരള സ്റ്റോറിക്ക് ദേശീയ പുരസ്കാരം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘപരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയ്ക്ക് പുരസ്കാരം നല്‍കുന്നത് അക്ഷന്തവ്യമായ തെറ്റെന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.