കെ.എസ്.ചിത്രയുമായി റിയാലിറ്റി ഷോ വേദിയില്‍ തുടങ്ങിയ സൗഹൃദം ഇന്നും കെട്ടുറപ്പോടെ സൂക്ഷിക്കുന്നുണ്ട് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ രഞ്ജിനിയുടെ ഗ്രീന്‍ റൂം എന്ന ഷോയിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് മലയാളത്തിന്‍ വാനമ്പാടി. 'ദ ഗ്രീന്‍ റൂം ബൈ രഞ്ജിനി ഹരിദാസ്' എന്ന ഷോയുടെ ആദ്യത്തെ അതിഥിയാണ് ചിത്ര.
ഇരുവരുടെയും സൗഹൃദത്തിനിടയിലെ ചില രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് ചിത്ര പതിവായി രഞ്ജിനിയെ വഴക്ക് പറഞ്ഞിരുന്നു എന്നാണ് ഇരുവരും പറയുന്നത്. കാലിന് മുകളില്‍ കാല് കയറ്റിവയ്ക്കുമ്പോള്‍ കാലിറക്കി വെക്കാന്‍ പറഞ്ഞ് ചിത്ര മെസേജ് അയ്ക്കാറുണ്ടെന്നും രഞ്ജിനി പറഞ്ഞു.
ജീവിത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ ഏറ്റവും അധികം നിര്‍ബന്ധിച്ച ആളാണ് ചിത്ര ചേച്ചിയെന്നും എന്നാല്‍ അത് മാത്രം താന്‍ കേട്ടിട്ടില്ലെന്നും രഞ്ജിനി പറയുന്നു. എന്തിനാണ് വിവാഹം കഴിക്കുന്നതെന്നും തനിക്ക് കൂട്ടിന് തന്‍റെ വളര്‍ത്തുനായ്ക്കള്‍ ഇല്ലേയെന്നും അഭിമുഖത്തിനിടെ രഞ്ജിനി ചിത്രയോട് ചോദിക്കുന്നുണ്ട്.
'ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുമ്പോള്‍ ചേച്ചിയെന്നെ വഴക്ക് പറയും. ചിലപ്പോള്‍ ഞാന്‍ കാലൊക്കെ കയറ്റിവെച്ച് ഇരിക്കുകയാണെങ്കില്‍ ചേച്ചി എനിക്ക് ലെഗ്സ് ഡൗണ്‍ എന്ന് മെസേജ് അയക്കും. ഞാന്‍ അപ്പോള്‍ ചേച്ചിയോട് പറയും ചേച്ചി ഭയങ്കര ഓള്‍ഡ് ഫാഷന്‍ ആണെന്ന്. എന്‍റെ ജീവിത്തതിന്‍റെ എന്‍റെ അമ്മയെക്കാള്‍ എന്നെ കല്ല്യാണം കഴിപ്പിക്കാന്‍ ആഗ്രഹം ചിത്ര ചേച്ചിക്കാണ്. പക്ഷേ അത് മാത്രം ഞാന്‍ കേള്‍ക്കില്ല. എനിക്ക് ബഡിയും റിയോയും ലോക്കിയും റിക്കിയുമൊക്കെയുണ്ട്'- രഞ്ജിനി ഹരിദാസ്.
കോയമ്പത്തൂര്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ അവിടെ വലിയൊരു റാമ്പ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ ഉടുപ്പിട്ട് ആ റാമ്പിലേക്ക് നടന്നുപോവുകയാണ്. റാമ്പിന് ചുറ്റും ക്യാമറയും പിടിച്ച് ആളുകള്‍ നിക്കുകയാണ്. എനിക്കാകെ ബിപി കൂടി. ആ സമയത്ത് എനിക്കൊരു പൊന്നാട തന്നു. ആ പൊന്നാട ഞാന്‍ മുണ്ടായി ഉടുത്തുകൊടുത്തെന്നും ചിത്ര പറഞ്ഞു.