സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ.മധു ചുമതലയേറ്റു. വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ കോര്‍പറേഷനെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും കെ. മധു പറഞ്ഞു.
കെഎസ്എഫ‍്‍ഡിസി ആസ്ഥാനമായ കലാഭവനില്‍ പ്രമുഖ സിനിമാപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് കെ. മധു ചുമതലയേറ്റത്. നിര്‍മാതാക്കളായ ജി. സുരേഷ് കുമാര്‍, എം. രഞ്ജിത്, ബി. രാകേഷ് തുടങ്ങിയവര്‍ മധുവിന് പൂച്ചെണ്ടുകളുമായെത്തി. ഏറ്റെടുത്തിരിക്കുന്നത് വലിയ ദൗത്യമാണെന്നും സിനിമാ കോണ്‍ക്ലേവിന്‍റെ സംഘാടനമാണ് ആദ്യ ലക്ഷ്യമെന്നും കെ. മധു പറഞ്ഞു.
മുന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണിന്‍റെ നേതൃത്വത്തില്‍ സിനിമാ കോണ്‍ക്ലേവിന്‍റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണവും വൈകാതെ പൂര്‍ത്തിയാക്കും. എം. കൃഷ്ണന്‍നായരുടെ ശിഷ്യനായി സിനിമാ ജീവിതം തുടങ്ങിയ കെ. മധു മോഹന്‍ലാലിനെ സൂപ്പര്‍താരപദവിലേക്ക് നയിച്ച ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിലൂടെയാണ് ശ്രദ്ധേയനായത്. മമ്മൂട്ടി നായകനായി എത്തിയ സി.ബി.ഐ പരമ്പരയിലെ ചിത്രങ്ങള്‍ ഉള്‍പ്പടെ മുപ്പതിലേറെ ചിത്രങ്ങളുടെ സംവിധായകനാണ് കെ. മധു.