സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലിയിലെ പാട്ടിന് ചുവടുവച്ച കോഴിക്കോട് ഒളവണ്ണ സ്വദേശിയായ നാലുവയസുകാരിക്ക് കയ്യടി. സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് റിഥ്വികയുടെ ഡാന്‍സ്.
മമ്പട്ടിയന്‍
ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏറെക്കാലം നമ്പര്‍ വണ്‍ ആയിരുന്ന മമ്പട്ടിയന്‍ എന്ന പാട്ടാണ് റിഥ്വിക ആടിതിമിര്‍ത്തത്. പാട്ടിന്‍റെ എനര്‍ജി പൂര്‍ണമായും ആവാഹിച്ചെടുത്താണ് നാലുവയസുകാരി ആടി വിസ്മയിപ്പിച്ചത്. ഏറെ കാലത്തിന് ശേഷം ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തില്‍ പാട്ട് ഉപയോഗിച്ചതോടെയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. ഈ പാട്ടിന് സിനിമയില്‍ ഒരുക്കിയ അതേ വേഷവും പശ്ചാത്തലവുമെല്ലാം റിഥ്വികയും സംഘടിപ്പിച്ചിട്ടുണ്ട്. ഡാന്‍സ് ഹിറ്റായതോടെ ഒട്ടേറെ പേരാണ് റിഥ്വികയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സാക്ഷാല്‍ നടി സിമ്രാനും അതില്‍ ഉള്‍പ്പെടുന്നു. വീഡിയോ സിമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ആക്കിയിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നതും സിമ്രാന്‍ ആണ്.
റോള്‍ മോഡല്‍ 'ചേച്ചി'
വീഡിയോ തരംഗമായതോടെ ഡാന്‍സിന് പിന്നിലെ കാരണക്കാരെ തേടി ഏവരുമെത്തി. എട്ടുവയസുള്ള ചേച്ചിയാണ് ഇതിന് പിന്നിലെന്ന് റിഥ്വിക പറയുന്നു. ഡാന്‍സ് ആദ്യം ചെയ്ത് കാണിച്ചുകൊടുത്തതും ചേച്ചി തന്നെ. അത് കണ്ട് പഠിച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. അച്ഛന്‍റെയും അമ്മയുടെയും സഹായം ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു പാട്ടിന് ചുവടുവയ്ക്കുകയാണെന്നും ഷൂട്ട് ചെയ്ത് തരണമെന്നും പറഞ്ഞപ്പോഴാണ് അമ്മയും അച്ഛനും ഒരുപോലെ ഞെട്ടിയത്. അമ്മയാണ് ഡാന്‍സ് മൊബൈലില്‍ പകര്‍ത്തിയത്.
മലയൂര് നാട്ടാമെയുടെ രണ്ടാം വരവ്
2011ല്‍ ത്യാഗരാജന്‍, മകന്‍ പ്രശാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മമ്പട്ടിയന്‍. ചിത്രത്തിലെ മലയൂര് നാട്ടാമെ എന്ന ഗാനം ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രത്തില്‍ വീണ്ടും വന്നതോടെയാണ് സമൂഹമാധ്യമങ്ങളും പാട്ട് ഏറ്റെടുത്തത്. മലയാളത്തില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും ഗാനം ഉപയോഗിച്ചിട്ടുണ്ട്. പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ കേസിന് പോകുന്നില്ലേ എന്ന് പലരും ത്യാഗരാജനോട് ചോദിച്ചിരുന്നുവെങ്കിലും പാട്ട് വീണ്ടും ഹിറ്റായതില്‍ സന്തോഷമെന്നായിരുന്നു പ്രതികരണം.