ആക്ഷന്‍‌ പറഞ്ഞ് നിമിഷങ്ങള്‍ക്കകം രാജു ഓടിച്ചിരുന്ന എസ്‌യുവി ചീറിപാഞ്ഞു, ക്ലോസും വൈഡും ഏരിയല്‍ ഫ്രെയിമിനുമപ്പുറം എന്തോ അസാധാരണമായി സംഭവിക്കുന്നതായി ആ സെറ്റിലുള്ളവര്‍ക്കെല്ലാം തോന്നി. വായുവിലൂടെ ആ വണ്ടി ഉയര്‍ന്ന് പൊങ്ങി, പിന്നാലെ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി. കട്ട് പറയാനുള്ള സമയം ആരും നോക്കിയില്ലാ, ആ ക്രൂ ഒന്നാകെ ഓടി കാറിനടുത്ത് ചെന്നു, എന്നാല്‍ ചിരിച്ചുകൊണ്ട് ആ കാറില്‍ കയറിയ മനുഷ്യന് ജീവനുണ്ടായിരുന്നില്ല. 

വായുവിലൂടെ ആ വണ്ടി ഉയര്‍ന്ന് പൊങ്ങി, പിന്നാലെ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗ വാർത്തയായിരുന്നു സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റേത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന 'വേട്ടുവം' എന്ന ചിത്രത്തിന്റെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപെട്ടാണ് മരണം സംഭവിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു, അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

പാ രഞ്ജിത്ത് സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കിൽ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു എന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.  രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു. കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Moments after the "action" call, the SUV driven by Raju sped off. Those on set sensed something unusual happening beyond the close, wide, and aerial frames. The vehicle launched into the air, then flipped violently before crashing. No one bothered to call "cut"; the entire crew ran towards the car. However, the man who had entered the vehicle with a smile was no longer alive.