പ്രശസ്ത കന്നഡ നടി ബി. സരോജാദേവി (87) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് ബെംഗളൂരു മല്ലേശ്വരത്തെ വസതിയിൽ വിശ്രമത്തിലായിരുന്ന നടിയെ കഴിഞ്ഞ ദിവസമാണ് യശ്വന്ത്പുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ബെംഗളൂരു കൊഡിഗെഹള്ളിയിലുള്ള ഫാം ഹൗസിൽ നടക്കും.
'അഭിനയ സരസ്വതി' എന്ന പേരിലറിയപ്പെടുന്ന സരോജാദേവി, കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ കൂടിയാണ്. കന്നഡ, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി 200-ൽ അധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. തുടർച്ചയായി 29 വർഷം 169 സിനിമകളിൽ നായികയായി വേഷമിട്ട റെക്കോർഡിന് ഉടമ കൂടിയാണ് സരോജാദേവി.
1955-ൽ പുറത്തിറങ്ങിയ 'മഹാകവി കാളിദാസ' എന്ന സിനിമയിലൂടെയാണ് സരോജാദേവി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. 1969-ൽ 31-ാം വയസ്സിൽ പത്മശ്രീ നൽകി ആദരിച്ച സരോജാദേവിക്ക്, 1992-ൽ പത്മഭൂഷണും ലഭിച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ സരോജാദേവിയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.