മരിച്ച നിലയില്‍ കണ്ടെത്തിയ പാകിസ്ഥാന്‍ നടി ഹുമൈറ അസ്ഗറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഒമ്പതുമാസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹുമൈറയുടെ മൃതദേഹം അങ്ങേയറ്റം അഴുകിയ നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചുരുങ്ങിയ നിലയിലാണ്. നടിയുടെ മുഖവും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും പേശികള്‍ നശിച്ചിരുന്നു. അസ്ഥികള്‍ തൊടുമ്പോള്‍ പൊടിഞ്ഞുപോകുന്ന നിലയിലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓട്ടോലിസിസ് പ്രക്രിയയിലൂടെ മസ്തിഷ്‌കം പൂര്‍ണമായി അഴുകിപ്പോയി. ആന്തരികാവയവങ്ങള്‍ കറുപ്പുനിറമായി മാറിയിരുന്നു. അസ്ഥികളില്‍ ഒടിവുള്ളതായി കണ്ടെത്തിയിട്ടില്ല. തലയോട്ടിയും നട്ടെല്ലും കേടുപാടുകളില്ലാത്ത നിലയിലാണ്. അതേസമയം സുഷുമ്‌നാ നാഡി പൂര്‍ണമായി നശിച്ചുപോയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള പ്രാണികള്‍ ശരീരത്തിലുണ്ടായിരുന്നു. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.