തലമുറകളെ ഹരം കൊള്ളിക്കുന്ന ഹോട്ട് വീൽസ് ടോയ് കാർ ബ്രാൻഡ് ഇനി സിനിമ സ്ക്രീനിലേക്കും. ബാർബി സിനിമയുടെ വമ്പൻ വിജയതോടെയാണ് മാറ്റേൽ കമ്പനി ഹോട്ട് വീൽസിനെ അടിസ്ഥാനമാക്കി ലൈവ് ആക്ഷൻ സിനിമ നിർമ്മിക്കുന്നത്. ക്രേസി റിച്ച് ഏഷ്യൻസ്, വിക്ക്ഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ജോൺ എം. ചൂവാണ് ഹോട്ട് വീൽസ് സിനിമ ഒരുക്കുന്നത്. ലൈവ് ആക്ഷൻ സിനിമ ആദ്യമാണെങ്കിലും ഹോട്ട് വീൽസ് ആനിമേഷൻ സിനിമകളും സീരിസുകളും നിരവധിയുണ്ട്. ഹോട് വീൽസ്: വേൾഡ് ടൂർ, ആക്സിൽ റെയ്സേഴ്സ് എന്നിവയാണ് പ്രധാനപ്പെട്ടത്.
ബാർബി നൽകിയ പ്രചോദനം
ബാർബി ലൈവ് ആക്ഷൻ സിനിമ വൻ സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. പതിനൊന്നായിരം കോടി രൂപയോളമാണ് ചിത്രം ലോകമെമ്പാടും നിന്ന് നേടിയത്. ഇന്ത്യയിൽ അത്രകണ്ട് സ്വീകാര്യത ലഭിച്ചില്ലെങ്കിലും യൂറോപ്പും ലാറ്റിൻ അമേരിക്കയും ബാർബി സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മാർഗോ റോബി, റയാൻ ഗോസ്‍ലിന്‍ തുടങ്ങിയ വൻ താരനിരയാണ് ബാർബിയിൽ അണിനിരന്നത്. മികച്ച ചിത്രം, സഹനടൻ,സഹനടി, അവലംബിത തിരക്കഥ എന്നിവ ഉൾപ്പെടെ 8 ഓസ്കർ നാമനിർദ്ദേശവും ബാർബി നേടി. ബാർബിയുടെ വമ്പൻ വിജയമാണ് ഹോട്ട് വീൽസും ലൈവ് ആക്ഷൻ സിനിമയാക്കാൻ പ്രചോദനം.
മാറ്റേൽ കമ്പനി 1968-ൽ ആരംഭിച്ച ഹോട്ട് വീൽസ്, കളിപ്പാട്ട കാറുകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ചു. അന്നുണ്ടായിരുന്ന മാച്ച്ബോക്സ് കാറുകളെക്കാൾ കൂൾ ആയൊരു കളിപ്പാട്ടം നിർമ്മിക്കുകയായിരുന്ന മാറ്റേൽ സഹസ്ഥാപകൻ എലിയറ്റ് ഹാൻഡ്ലർഡെ ലക്ഷ്യം. ലോകമെമ്പാടും 8 ബില്യൺ ഹോട്ട് വീൽസ് കാറുകളാണ് ഇതുവരെ വിറ്റുപോയത്. 90കളിൽ മാച്ച് ബോക്സ് ടോയ് കമ്പനിയെ മാറ്റേൽ ഏറ്റെടുത്തതോടെ എതിരാളികളില്ലാതെ കുതിപ്പ് തുടങ്ങി. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ഭ്രാന്ത് പിടിപ്പിച്ചു ഹോട്ട് വീൽസിന്റെ മോഡലുകൾ. നൊസ്റ്റാൾജിയ തലക്കുപിടിച്ച മുതിർന്നവർ കുട്ടിക്കാറുകളുടെ ശേഖരം ഒരുക്കാൻ മത്സരിച്ചു.
1945 ലാണ് ലോസാഞ്ചലസിൽ മാറ്റൽ ടോയ് നിർമാണ കമ്പനി തുടങ്ങുന്നത്. ബാർബി പാവക്കുട്ടികളാണ് മാറ്റേൽ കമ്പനി ജനപ്രീയമാക്കിയ ആദ്യ പ്രോഡക്റ്റ്. പിന്നാലെ ഹോട്ട് വീൽസ്, ഫിഷർ പ്രൈസ്, അമേരിക്കൻ ഗേൽ, തോമസ് ആൻഡ് ഫ്രണ്ട്സ്, UNO കാർഡ്സ്, മോൺസ്റ്റർ ഹൈ, മെഗാ ബിൽഡിംഗ് ബ്ലോക്ക് തുടങ്ങിയ ബ്രാൻഡുകളും മാറ്റേൽ വിപണിയിൽ ഇറക്കി.