hanan-shah

'മാർക്കോ' എന്ന സൂപ്പർഹിറ്റിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ ഗായകൻ ഹനാൻ ഷായും. 'ചിറാപുഞ്ചി', 'കസവിനാൽ' തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ ഇതാദ്യമായാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്.

ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സാണ് ചിത്രം ഒരുക്കുന്നത്. 'കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും' എന്ന ടാഗ് ലൈനുമായാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ 'പറയാതെ അറിയാതെ' എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ജനശ്രദ്ധ നേടുന്നത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാൻഷാ എന്ന തന്‍റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും അടക്കം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് ഹനാനുള്ളത്. ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്‍റെ വൈറൽ ഗാനങ്ങൾ. 

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്ക് പുറമേ ജഗദീഷ്, സിദ്ധിഖ് തുടങ്ങിയവരും റാപ്പർ ബേബി ജീനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ ആന്‍റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. 

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്.

ENGLISH SUMMARY:

Playback singer Hanan Shayan has been cast in “Kaattalan,” the new film directed by Paul George. The announcement has generated excitement among fans and the film industry alike.