തൊണ്ണൂറ്റിയാറ് വയസുള്ള രാഘവേട്ടന്‍ തന്‍റെ ഇഷ്ടതാരം മോഹന്‍ലാലിനെ ഒന്ന് നേരില്‍ കാണണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത് വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സാക്ഷാൽ മോഹൻലാലിനെ കൺകുളിർക്കെ കണ്ട രാഘവൻ ചേട്ടന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 'എന്റെ പേര് രാഘവൻ നായർ. ഞാൻ മോഹൻലാലിന്റെ ആരാധകനാണ്. 96 വയസുണ്ട്. എനിക്ക് മോഹൻലാലിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്', എന്നായിരുന്നു അദ്ദേഹം വിഡിയോയിൽ പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ പ്രതികരണവുമായി എത്തി.
'പ്രിയപ്പെട്ട രാഘവൻ ചേട്ടാ..ഞാൻ ചേട്ടന്റെ വിഡിയോ കണ്ടു. എന്നെ വളരെ ഇഷ്ടമാണെന്നും എന്റെ സിനിമകൾ കാണുന്നതായിട്ടൊക്കെ പറയുന്നത് കേട്ടു. ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം. പ്രാർത്ഥനകൾ. എപ്പോഴെങ്കിലും എനിക്കും അങ്ങയെ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഒടുവിൽ രാഘവൻ ചേട്ടനും മോഹൻലാലും കണ്ടുമുട്ടുകയും ചെയ്തു. മോഹൻലാലിനെ കണ്ട് വാതോരാതെ സംസാരിക്കുന്ന രാഘവൻ ചേട്ടന്റെ വിഡിയോയും പുറത്തുവന്നിരിക്കുകയാണ്. തുടരും സിനിമയുടെ റിലീസ് വേളയില്‍ കട്ടൗട്ടിനൊപ്പം എടുത്ത ഫോട്ടോയും അദ്ദേഹത്തിന്റെ ബന്ധുക്കൾ മോഹൻലാലിനെ കാണിക്കുന്നുണ്ട്. പിന്നാലെ ഒരുമിച്ച് ഫോട്ടോയും എടുത്ത ശേഷമാണ് രാഘവൻ ചേട്ടനെ മോഹൻലാൽ മടക്കി അയച്ചത്.
തങ്ങളുടെ പ്രിയ അഭിനേതാക്കളെ കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. അതിന് പ്രായ വ്യത്യാസവുമില്ല. അത്തരത്തിൽ പ്രിയ നടന്മാരെ കണ്ട നിരവധി പേരുടെ വീഡിയോകൾ പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ സാക്ഷാൽ മോഹൻലാലിനെ കൺകുളിർക്കെ കണ്ട രാഘവൻ ചേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.