രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ‘ധുരന്ദർ’ന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്ത്. ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സാറാ അർജുൻ ആണ് രൺവീറിന്റെ നായികയായി സിനിമയിൽ എത്തുന്നത്. രൺവീർ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു
ടീസർ വൻ സ്വീകാര്യത നേടിയതിനൊപ്പം തന്നെ നായികയുടെയും നായകന്റെയും പ്രായം ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ നിറയുകയാണ്. നാല്പതുകാരനായ രൺവീറിന് ഇരുപതുകാരിയായ സാറ നായികയായതാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തെ അഭിനന്ദിച്ച് എത്തുന്നവരും കുറവല്ല.
നില കൃഷ്ണ എന്ന കഥാപാത്രത്തെയാണ് സാറ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ബാലതാരങ്ങളിലൊരാളായിരുന്നു സാറ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും സാറയായിരുന്നു.
'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള ‘ധുരന്ദർ’ ഫസ്റ്റ് ലുക്ക് വിഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വിഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്.