വില്ലന്‍, നായകനെ കൂടെ നിന്ന് ചതിക്കുന്ന വില്ലന്‍, സഹനടന്‍ അങ്ങനെ ഒട്ടനേകം കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് സുപരിചിതനായ ആളാണ് തമിഴ് നടനായ ആനന്ദ്. നാല് പതിറ്റാണ്ടിനടുത്ത് സിനിമാ മേഖലയില്‍ സജീവമായ നടന്‍ ഇപ്പോള്‍ മലയാള സിനിമയില്‍ താന്‍ ഒരു കഥാപാത്രം ചെയ്തതിന്‍റെ കുറ്റബോധം പങ്കുവച്ചിരിക്കുകയാണ.് താന്‍ ജീവിതത്തില്‍ അഭിനയിച്ചതില്‍ ഏറ്റവും കുറ്റബോധമുള്ള സിനിമയാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സെന്ന് നടന്‍ വ്യക്തമാക്കി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം.
2011ല്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമടക്കം വന്‍ താരനിരയില്‍ ഇറങ്ങിയ ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനെ കഥാപാത്രത്തെക്കുറിച്ചാണ് നടന്‍ മനസ് തുറന്നത്. സിനിമയില്‍ മോഹന്‍ലാലിന്‍റെ അസിസ്റ്റന്‍റായ രഞ്ജിത്ത് ആയാണ് ആനന്ദിന്‍റെ റോള്‍. സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കേ താന്‍ എന്തിനാണ് ഇത്തരമൊരു റോള്‍ ചെയ്യുന്നതെന്ന് താന്‍ ആലോചിച്ചെന്നാണ് ആനന്ദ് പറഞ്ഞത്. മോഹന്‍ലാലിന്‍റെ പിന്നില്‍ നില്‍ക്കുന്ന ഒരാള്‍ എന്നത് മാത്രമായിരുന്നു തന്‍റെ റോള്‍. സിനിമയിലെ മറ്റൊരു നടനായ ബിജു മോനോന്‍ എന്തിനാണ് ആനന്ദ് ഇങ്ങനെ ഒരു റോള്‍ ചെയ്യുന്നതെന്ന് ചോദിച്ചു. അത് തന്നെ ചിന്തിപ്പിച്ചു.
ആ സിനിമയ്ക്കായി 10 ദിവസമാണ് ചോദിച്ചത് എന്നാല്‍ 20 ദിവസമാണ് ഷൂട്ടിങ്ങിനെടുത്തത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് തനിക്ക് കയ്പ്പേറിയ അനുഭവമായിരുന്നു. സിനിമ സ്വീകരിച്ച് കഴിഞ്ഞു എന്ന കാരണത്താല്‍ മാത്രമാണ് തുടര്‍ന്നത്. മിണ്ടാതെ മടുപ്പ് അടക്കിപ്പിടിച്ചാണ് താന്‍ ഈ സിനിമ ചെയ്തത്. തന്‍റെ പ്രതിഫലം എത്രയാണെന്ന് കണക്കുകൂട്ടി പറഞ്ഞ് അഭിനയിക്കുകയാണ് ചെയ്തത്. താന്‍ പണ്ട് 18,19 വയസിലാണ് സിനിമയിലഭിനയിക്കുന്നത്. അന്ന് ചെയ്ത സിനിമകളില്‍ തനിക്ക് കുറ്റബോധം തോന്നീട്ടുണ്ട്. എന്നാല്‍ ഏറ്റവും മോശമായി തോന്നിയത് ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് തന്നെയാണ് എന്നും നടന്‍ പറയുന്നു. തുടരുമിലെ ജോര്‍ജ് സാറിനെപ്പോലൊരു വില്ലന്‍ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും ആനന്ദ് പറഞ്ഞു.