ജാനകി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ലെന്നും ഇന്ത്യൻ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. തന്‍റെ ചോറിന് മുകളിൽ താൻ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ് ഗോപി നിശബ്ദനാണെന്നും മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവർത്തകർക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കെ.സി.വേണുഗോപാല്‍ പറ‍ഞ്ഞു.  

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീർഷകങ്ങളായും ആദിമധ്യാന്തം കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമാണ് ഇന്ത്യൻ സിനിമയിൽ നിലനിന്നത്. ആ സർഗാവിഷ്കാരങ്ങളുടെ കടയ്ക്കൽ കത്തി വെയ്ക്കാൻ കാലങ്ങളോളം ഒരു സ്ഥാപനവും മുതിർന്നിട്ടുമില്ല. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. ഇത് കല്പിച്ചുനൽകിയ അധികാരമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യമാണത്. ആ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല ഇത്. ഇന്ത്യൻ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്.

ഭാരതത്തില്‍ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുമുണ്ട്. സെൻസർ ബോർഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറൽ പോലുമേൽപ്പിക്കാനും അന്നത്തെ കോൺഗ്രസ് സർക്കാരുകൾ അനുവദിച്ചിട്ടുമില്ല. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ഇന്ന് സെൻസർ ബോർഡ് സ്വീകരിക്കുന്ന നിലപാട് ഒട്ടേറെ ആശങ്കകൾക്കും ഭയപ്പാടിനും വഴിവയ്ക്കുന്നത് കൂടിയാണ്. യോജിക്കാൻ കഴിയില്ല, എന്ന് മാത്രമല്ല, അനുവദിക്കാൻ കഴിയുന്നതല്ല ഇത് എന്നത് കൂടിയാണ് ഈ വിഷയത്തിൽ ഏവരും സ്വീകരിക്കേണ്ടുന്ന നിലപാട്.

മുൻപ് എമ്പുരാൻ എന്ന സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം പോലും അതിലെ ഭാഗങ്ങൾ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായി. എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികൾക്ക് രൂപം നൽകേണ്ടത്? വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരും ബന്ധപ്പെട്ട വകുപ്പുമാണ്. കോടതി വരെ കയറിയ വിഷയത്തിൽ ഇപ്പോഴും നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രഖ്യാപിത അജണ്ടയാണോ ഇതെന്ന ചോദ്യം ഉയർന്നാൽപ്പോലും അതിൽ അതിശയോക്തിയില്ല. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവിൽ കലാരൂപവും എന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്? മറുപടി പറയേണ്ടത് അധികാരസ്ഥാനത്തിരിക്കുന്നവർ തന്നെയാണ്.

തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളിൽ താൻ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവർത്തകർക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണം. അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ജാനകിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, കലാകാരന്മാർക്കൊപ്പമാണ് നിലകൊള്ളുന്നത്. നീതിക്കായുള്ള യുദ്ധത്തിൽ അവരോട് ഐക്യപ്പെടുന്നു. ഒപ്പം, ആ സിനിമയ്ക്ക് മേൽ കത്രിക വെച്ച ഓരോ സെൻസർ ബോർഡംഗവും വായിക്കേണ്ടത് ഈ രാജ്യത്തിന്റെ ഭരണഘടനയും വായിച്ചുപഠിക്കേണ്ടത് ചരിത്രവുമാണ് എന്നോർമിപ്പിക്കുന്നു.

ENGLISH SUMMARY:

AICC General Secretary K.C. Venugopal has criticized the Censor Board for denying clearance to the film Janaki vs State of Kerala. He said the Board’s action is not just an infringement on freedom of expression but also an insult and challenge to the Indian Constitution. Venugopal also accused actor and minister Suresh Gopi of remaining silent despite being part of the film industry and urged him to speak up for his own film and his colleagues, in a Facebook post.