ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - അനൂപ് മേനോൻ ടീം ഒന്നിക്കുന്ന സിനിമ. സിനിമയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മോഹൻലാൽ തന്നെയാണ് സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.
അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതെല്ലാം സിനിമയിൽ ഉണ്ടാകുമെന്നും അനൂപ് മേനോൻ പറഞ്ഞു. അഞ്ച് പാട്ടും മൂന്നു ഫൈറ്റും സിനിമയിൽ ഉണ്ടാകുമെന്നും ഇതൊരു വലിയ സിനിമയായി തന്നെയാണ് ഒരുങ്ങുന്നതെന്നും സിനിമയുടെ സ്ക്രിപ്റ്റ് പുരോഗമിക്കുകയാണെന്നും അനൂപ് മേനോൻ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിനോടായിരുന്നു പ്രതികരണം.
‘അടുത്ത വർഷമായിരിക്കും ആ സിനിമ സംഭവിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷൻ മാറി. കൽക്കട്ടയിലെ ദുർഗാ പൂജയിലാണ് സിനിമയിലെ പ്രധാന സീക്വൻസ് ഷൂട്ട് ചെയ്യേണ്ടത്. അത് ഇനി അടുത്ത വർഷമേ നടക്കുകയുള്ളൂ. അവിടെ 20 ദിവസം ഷൂട്ട് ആ ഫെസ്റ്റിവലിൽ ഉണ്ട്. ഫൈറ്റ് സീക്വൻസ് ആണ് അതിനിടയിൽ ഷൂട്ട് ചെയ്യാനുള്ളത്. അവിടെ തന്നെ ഷൂട്ട് ചെയ്യണം എന്നുള്ളത് കൊണ്ടാണ് വൈകുന്നത്. മറ്റൊരു പ്രൊഡക്ഷൻ ആയിരിക്കും പടം ചെയുന്നത്' അനൂപ് മേനോന്‍ പറഞ്ഞു.