ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശനാനുമതി വിവാദത്തിൽ അസാധാരണ നീക്കവുമായി ഹൈക്കോടതി. സിനിമ നേരിൽ കണ്ട് പ്രദർശനാനുമതിയാൽ അന്തിമ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശനിയാഴ്ച രാവിലെ കക്ഷികൾക്കൊപ്പം ജസ്റ്റിസ് എൻ.നഗരേഷ് സിനിമ കാണും.
സിനിമയുടെയും, കഥാപാത്രത്തിന്റെയും പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്ന കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിർമാതാക്കള്‍ നൽകിയ ഹർജിയിലാണ് അസാധാരണ നടപടിയിലേക്ക് ഹൈക്കോടതി കടക്കുന്നത്. എന്ത് സാഹചര്യത്തിലാണ് ജാനകി എന്ന പേര് മാറ്റാൻ നിർദ്ദേശിച്ചതെന് വ്യക്തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇന്ന് സെൻസർ ബോർഡ് അറിയിച്ചില്ല. ഇതോടെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് സിനിമ കാണാമെന്ന് കോടതി വ്യക്തമാക്കിയത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചി പാലാരിവട്ടത്തെ ലാൽ മീഡിയയിലെ സ്റ്റുഡിയോയിൽ സിനിമ കാണാമെന്ന് ഹർജിക്കാർ അറിയിച്ചത് കോടതി അംഗീകരിച്ചു. സിനിമ കണ്ട ശേഷം പ്രദർശനാനുമതിയിൽ അന്തിമ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്. മുംബൈ ഓഫീസിൽ തനിക്ക് ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ എന്ന് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ‍് ആരാഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം നാട്’ സന്ദർശിക്കാനും കൊച്ചിയിലെത്തി ചിത്രം കാണാനും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനായ അഭിനവിനെ കോടതി തമാശ രൂപേണ ക്ഷണിച്ചു. സെൻസർ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നിന്ന് ചിത്രം കാണാൻ ആളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാനും കോടതി നിർദേശിച്ചു.
ബുധനാഴ്ച വിഷയം കോടതി വീണ്ടും പരിഗണിക്കും. കോടതി സിനിമ കാണുമെന്നത് വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.