ഛോട്ടാ മുംബൈ പോലൊരു പടം മോഹൻലാലിനെ വെച്ച് ചെയ്യണമെന്ന് ധ്യാൻ ശ്രീനിവാസൻ. കഥ ഉണ്ടെന്നും ഡാൻസ്, പാട്ട്, അടി പിടി , മസാല അങ്ങനെ ഒരു സിനിമ ആയിരിക്കും മോഹൻലാലിനെ വെച്ച് ചെയ്യുകയെന്നും കഥ അദ്ദേഹത്തിനോട് പറയുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞങ്ങൾ ലാൽ സാറിനെ വെച്ചൊരു സിനിമ ആലോചിക്കുന്നുണ്ട്. ചർച്ച മാത്രമേ നടക്കുന്നുള്ളൂ, ഞാൻ ആലോചിക്കുന്ന സിനിമ അത്തരം ഒരു സിനിമയാണ്. ഒരു കഥ ഉണ്ടായിരുന്നു, ഒരുപാട് മുന്നേ ആലോചിച്ചതാണ്. ആഗ്രഹങ്ങൾ ആണല്ലോ, ആ കഥ ലാൽ സാറിനെവെച്ചോ മമ്മൂക്കയെ വെച്ചോ ചെയ്യണം എന്നുണ്ടായിരുന്നു. എന്റെ ആഗ്രഹമാണ്. ത്രില്ലറിൽ ഇപ്പോൾ ലാൽ സാറിന്റെ എമ്പുരാൻ, തുടരും ഒക്കെ വരുന്നുണ്ട്. പക്ഷെ ഛോട്ടാ മുംബൈ വരുമ്പോൾ അവിടെ സെലിബ്രേഷൻ ആണ് ആളുകൾക്കിടയിൽ. മോഹൻലാൽ എന്ന നടനെ സെലിബ്രേറ്റ് ചെയ്യുകയാണ്. നമ്മൾ പുറത്ത് സെലിബ്രേറ്റ് ചെയ്യുമ്പോൾ അദ്ദേഹം സ്‌ക്രീനിൽ സെലിബ്രേറ്റ് ചെയ്യുകയാണ്. നമ്മൾ പുറത്ത് ഡാൻസ് കളിക്കുന്നു അദ്ദേഹം സ്‌ക്രീനിൽ കളിക്കുന്നു. അങ്ങനെ ഒരു സിനിമ വരണം, സിനിമ കാണണം എന്ന് എനിക്കും നിഷാദിനും ആലോചന ഉണ്ട്, അതുപോലെ സുചിത്ര അക്കയും പ്രണവും കൂടെ ഫ്‌ളൈറ്റിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു, ഇതുപോലെ ഒരു സംഭവം ആലോചിക്കുന്നുണ്ട് എന്ന്. ഇത് നടക്കണം എന്നില്ല, പത്ത് ശതമാനമേ സാധ്യതയുള്ളൂ. പക്ഷെ ഞാൻ പോയൊരു ശ്രമം നടത്തും. പോയി കഥ പറയും ചിലപ്പോൾ. ഇപ്പോൾ ആക്കണം എന്ന് ഒന്നുമില്ല.
എന്റെ ടൈപ്പ് ഓഫ് വേൾഡിൽ ഹ്യുമറിൽ പുള്ളിയെ കാണാൻ ആഗ്രഹം ഉണ്ട്. ഡാൻസ്, പാട്ട്, അടിപിടി, മസാല അങ്ങനെ ഒരു പടം കാണണം എന്ന് ആഗ്രഹം ഉണ്ട്. പുള്ളിയെ ഇപ്പോൾ കാണുന്നതിൽ നിന്ന് ഒന്ന് വ്യത്യസ്തമായി കാണാൻ ഉള്ള ആഗ്രഹമാണ്' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.