താരജോഡികള്‍ തന്നെയാണ് അനുഷ്ക ശര്‍മയും വിരാട് കൊഹ്‍ലിയും. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തരായി സ്വകാര്യജീവിതം പങ്കുവെക്കാന്‍ ഇരുവരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്. മക്കള്‍ നാലുവയസുകാരി വാമികയെയും 15 മാസക്കാരന്‍ ആഖായിയെയും സോഷ്യല്‍ മീഡിയയില്‍ നിന്നും കഴിവതും അകറ്റി നിര്‍ത്താനാണ് ഇരുവരും ശ്രമിച്ചിട്ടുള്ളത്.
ഇപ്പോഴിതാ തന്‍റെ പാരന്‍റിങ് ടിപ്പുകള്‍ പങ്കുവച്ചിരിക്കുകയാണ് അനുഷ്ക. കുട്ടികളെ വളര്‍ത്തുന്നതില്‍ വീടുകളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മറ്റ് വിശേഷങ്ങളും വോഗുമായി നടത്തിയ അഭിമുഖത്തിലാണ് താരം പങ്കുവച്ചത്.
താന്‍ വളര്‍ന്നുവന്നത് വളരെ മുന്നോട്ട് ചിന്തിക്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. വളരെ പുരോഗമനപരമായ ചിന്തഗതി തങ്ങളുടെ വീട്ടില്‍ എന്നുമുണ്ടാകും. വീടിന്‍റെ അടിസ്ഥാന ഘടകം സ്നേഹമാണ്. കുട്ടികളില്‍ ഏറ്റവും പ്രധാനമായി വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വഭാവം ആളുകളോട് ബഹുമാനമാണ്. കുരുത്തം കെട്ടവരെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ വളര്‍ത്തുന്നത് ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കലല്ല മറിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ചെയ്യുന്നതാണെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അമ്മയ്ക്ക് അച്ഛന് എന്ന തരത്തില്‍ ഉത്തരവാദിത്വങ്ങളില്ല. കുട്ടികളെ ഒരു ബാലന്‍സോടുകൂടി വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്. പ്രധാനമായും കുട്ടികളെ താനാണ് നോക്കാറ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രോജക്ടുകള്‍ മാത്രമാണ് താന്‍ ഏറ്റെടുക്കാറ് അതുകൊണ്ട് തനിക്ക് സമയം ലഭിക്കാറുണ്ട് എന്നാല്‍ വിരാട് വര്‍ഷത്തിലെ മിക്കവാറും ദിവസവും കളിയിലായിരിക്കും. എന്നിരുന്നാലും ഒത്തുചേരാനുള്ള ഒരു സമയവും തങ്ങള്‍ ഒഴിവാക്കാറില്ലെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ മുഖം കാണിക്കാതെ കുട്ടികളെ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അനുഷ്ക പറഞ്ഞു. ഒരു കുട്ടിയും മറ്റൊരു കുട്ടിയില്‍ നിന്നും മുന്നിലല്ല അതുകൊണ്ട് കുട്ടികളെ ഒരു സംയമനം പാലിച്ച് വളര്‍ത്തുന്നതാണ് നല്ലതെന്ന് അനുഷ്ക കൂട്ടിച്ചേര്‍ത്തു.