2023ലാണ് നടന്‍ രണ്‍ദീപ് ഹൂഡയുടെ വിവാഹം കഴിഞ്ഞത്. മണിപ്പൂര്‍ സ്വദേശി ലിൻ ലൈഷ്റാമിനെയാണ് താരം ജീവിതസഖിയാക്കിയത്. മണിപ്പൂരി വിവാഹ ആചാരങ്ങളെ പറ്റി സംസാരിക്കുകയാണ് രണ്‍ദീപ് ഇപ്പോള്‍. മണിപ്പൂരില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് താന്‍ വിവാഹിതനായതെന്നും സുഹൃത്തായ ഒരു ബ്രിഗേഡിയര്‍ തന്നെ സഹായിച്ചുവെന്നും രണ്‍ദീപ് പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന്‍റെ കുടുംബം തന്നെ ദൈവമായാണ് കണ്ടതെന്നും ഇരുന്നിടത്തുനിന്നും അനങ്ങാനാവില്ലായിരുന്നുവെന്നും മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്‍ദീപ് ഹൂഡ പറഞ്ഞു.
'മണിപ്പൂരിൽ പ്രശ്‌നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹം കഴിക്കാൻ ആലോചിച്ചതുകൊണ്ട് വിവാഹം തന്നെ ഒരു വലിയ നാടകമായിരുന്നു. എങ്കിലും മണിപ്പൂരിൽവെച്ചുതന്നെ വിവാഹിതനാകണമെന്നായിരുന്നു എന്‍റെ നിർബന്ധം. പെൺകുട്ടിയുടെ വീട്ടിൽപ്പോയി വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെന്ത് വിവാഹം. അസം റൈഫിൾസിൽ ബ്രിഗേഡിയറായിരുന്ന ഒരു സുഹൃത്ത് സഹായിച്ചു. ഞാനവനെ വിളിച്ചപ്പോൾ വരൂ, ഞാൻ നിങ്ങളെ വിവാഹം കഴിപ്പിക്കാം എന്നാണ് സുഹൃത്ത് പറഞ്ഞത്. അങ്ങനെ 10-12 പേർ ഞങ്ങൾ അങ്ങോട്ട് പോയി.
അതുവരെ ഞങ്ങൾ അവിടെ പോയിരുന്നില്ല. അവരുടെ ചടങ്ങുകളെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. വിവാഹച്ചടങ്ങുകളെക്കുറിച്ച് ചില വീഡിയോകൾ ലിൻ മുൻപ് കാണിച്ചിരുന്നെങ്കിലും സവർക്കർ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നതിനാൽ അവയൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
വധുവിന്‍റെ വീട്ടിലെത്തിയപ്പോൾ ശുദ്ധമായ സസ്യാഹാരം കഴിച്ചു. വിവാഹത്തിന് മുമ്പ് അവരുടെ എല്ലാ ദൈവങ്ങളെയും ആരാധിച്ചു. ഒരു വിവാഹത്തിനാണോ അതോ ഒരു പുണ്യ തീർത്ഥാടനത്തിനാണോ കൊണ്ടുവന്നതെന്ന് സുഹൃത്തുക്കൾ തമാശയായി ചോദിച്ചു. എൻ്റെ കൂടെ ഒരു സഹായിയുണ്ടായിരുന്നു, ഒരു ട്യൂട്ടറെപ്പോലെ. വരൻ തലയിൽ കിരീടം വെച്ചുകഴിഞ്ഞാൽ പിന്നെ തല ചരിക്കാൻ പാടില്ല. ചടങ്ങിലേക്ക് പോകുമ്പോൾ അവർ ഒരു പാത്രവും കുടയും തരും. എന്നിട്ട് എല്ലാവരും വന്ന് നോക്കുന്ന ഒരിടത്ത് കൊണ്ടുപോയി ഇരുത്തും, അവിടെ വളരെ മാന്യമായി ഇരിക്കണം. ആ പാത്രം എന്തിനാണെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, മൂത്രമൊഴിക്കാൻ തോന്നിയാൽ കുട നിവർത്തി അവിടെ വെച്ചുതന്നെ ഒഴിക്കാമെന്ന്, അവിടെ നിന്ന് മാറാൻ പാടില്ല, കാരണം വരനെ ദൈവത്തെപ്പോലെയാണവർ കാണുന്നത്,' രണ്‍ദീപ് പറഞ്ഞു.