സ്ത്രീധന പീഡനത്തെത്തുടർന്ന് ജീവൻ വെടിഞ്ഞ വിസ്മയയുടെ ജീവിതം വീണ്ടും ചർച്ചയാകുന്നു. ഈ വിഷയത്തെ ആസ്പദമാക്കി, സംവിധായകൻ കുട്ടി ഒരുക്കിയ ഹ്രസ്വചിത്രം 'വിസ്മയ' യൂട്യൂബിൽ സ്ട്രീം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടുന്നു. പൂജയും ആകാശുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിൽ വർദ്ധിച്ച് വരുന്ന സ്ത്രീധന പീഡനങ്ങളുടെയും മരണങ്ങളുടെയും വാർത്തകളാണ് ഈ കൊച്ചു ചിത്രത്തിന് ആധാരം.
വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന ദൃശ്യ കാവ്യമാണ് 'വിസ്മയ'. ചിത്രത്തിൽ, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പൊടിപടലങ്ങള്‍ കഥാപാത്രങ്ങളുടെ വൈകാരിക ഭാരത്തെയും കഥയുടെ ആഴത്തെയും സൂചിപ്പിക്കുന്ന ശക്തമായ ദൃശ്യരൂപകമായി മാറുന്നുണ്ട്. ഇത് മനസിലെ ദുഃഖത്തോടും വൈകാരിക ഭാരത്തോടും ഒപ്പം വരുന്ന ഘടകങ്ങളാണ്. ചെറുതും ഭാരമില്ലാത്തതുമായ പൊടിക്ക് ഒരിടം നിറയ്ക്കാനും തങ്ങിനിൽക്കാനും കഴിയുന്നത് പോലെ, ദുഃഖവും മനസ്സിൽ തങ്ങിനിൽക്കുന്നു.
പൊടി പ്രതിരോധിക്കാതെ ഒഴുകി നടക്കുകയും, പിന്നീട് പതുക്കെ അടങ്ങുകയും ചെയ്യുന്നതുപോലെ, ചിലപ്പോൾ കഠിനമായ സാഹചര്യങ്ങളിൽ അതിജീവിക്കാൻ ഒതുങ്ങിക്കൊടുക്കുകയും, കാത്തിരിക്കുകയും വേണം എന്ന് ഇത് ഓർമ്മിപ്പിക്കുന്നു. പുറമേ ദുർബലമെന്ന് തോന്നാമെങ്കിലും, ഉള്ളിൽ കരുത്തും പ്രതിരോധശേഷിയുമുള്ള സ്ത്രീയുടെ നിശ്ശബ്ദമായ ശക്തിയുടെ പ്രതീകമായി ഈ പൊടിപടലങ്ങൾ മാറുന്നു. സൈക്കോളജിക്കൽ ഹൊറർ ഡ്രാമയുടെ രൂപത്തിലാണ് കഥ പറയുന്നത്.