സാമൂഹ്യമാധ്യമങ്ങളിലെ നിലവിലെ പ്രധാന ചര്‍ച്ചാവിഷയമാണ് ആര്‍.ജെ അഞ്ജലിയുടെ പ്രാങ്ക് കോള്‍ വിവാദം. മെഹന്തിയിടുന്ന സ്ത്രീയെ വിളിച്ച് സ്വകാര്യഭാഗത്ത് മെഹന്തിയിട്ട് തരുമോ എന്ന ചോദിച്ച് അപമാനിക്കുകയായിരുന്നു അഞ്ജലിയും നിരഞ്ജനയും. ഇതിന് പിന്നാലെ തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളെ ലൈക്കിനും കമന്‍റിനും വേണ്ടി അപമാനിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടികാണിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി ഗീതി സംഗീത.
മാപ്പ് പറഞ്ഞെത്തിയ അഞ്ജലിയുടെ കമന്‍റ് ബോക്സിലാണ് പ്രതികരണവുമായി ഗീതി എത്തിയത്. കോള്‍ കട്ട് ചെയ്ത ശേഷവും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നെന്നും പരിചയമില്ലാത്ത ഏതെങ്കിലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ എന്നും ചോദിച്ച ഗീതി തെറ്റിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.
‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ? ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..!!?’ എന്നാണ് ഗീതി സംഗീത കുറിച്ചത്.