ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’. ബിഗ് ബജറ്റിലെത്തുന്ന ചിത്രത്തിലെ താരനിര തന്നെയാണ് പ്രതീക്ഷകള്‍ക്ക് പിന്നിലെ പ്രധാനകാരണം. ഇന്നലെ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും നിറഞ്ഞിരിക്കുകയാണ്.
2മിനിറ്റും 54 സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറിലൂടെ സിനിമ മുഴുവന്‍ കാണിച്ച് തന്നതിന് നന്ദി എന്നാണ് ട്രോള്‍. ഒരു ചെറിയ സിനിമ എന്നപോലെയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥ ഊഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിലര്‍. ദൈവത്തോടും വിഗ്രഹത്തോടും എതിര്‍പ്പ് കാണിക്കുന്ന നായക കഥാപാത്രം ഒടുവില്‍ ദൈവത്തെ അംഗീകരിക്കുന്നതുവരെ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഇതാണ് ട്രോളുകള്‍ക്ക് വഴിവെച്ചത്. വളരെയധികം നന്ദിയുണ്ട് ട്രെയ്ലർ ഇറക്കിയ ടീമിനോട്, തിയറ്ററിൽ പോകാതെ തുടക്കവും ക്ലൈമാക്സുമടക്കം കാണിച്ച് തന്നതിന്, ശിവൻ ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം, ഹാർഡ് ഡിസ്ക് തിരിച്ച് കിട്ടിയോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജള്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂണ്‍ 27നാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ 'കിരാത' എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഹന്‍ലാല്‍ കഥാപാത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.