മലയാള സിനിമയ്ക്ക് ഇപ്പോള്‍ റീ റിലീസ് കാലമാണ്. സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും തിയറ്ററിലെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും. ഛോട്ടാ മുംബൈയും സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ആദ്യ ദിനം 40 ലക്ഷം രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടിയ ഛോട്ടാ മുംബൈ രണ്ടാം ദിനത്തിൽ കരസ്ഥമാക്കിയത് 78 ലക്ഷം രൂപയാണ്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ലാലേട്ടന്‍ ഫാന്‍സിന്‍റെ മുറവിളിയാണ്. പഴയ ലാലേട്ടന്‍റെ മാസ് ചിത്രങ്ങളായ നരസിംഹവും ഉസ്താദും ചന്ദ്രോല്‍സവും രാവണപ്രഭുവും ഹലോയും നരനുമൊക്കെ റീ റിലീസിന് എത്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. മമ്മൂട്ടി ഫാന്‍സിനെ വെല്ലുവിളിക്കുന്നുമുണ്ട് ലാലേട്ടന്‍ ഫാന്‍സ്.
18 വര്‍ഷം മുന്‍പ് തിയറ്ററിനെ തന്നെ ഇളക്കിമറിച്ച് മോളിവുഡില്‍ പുതുചരിത്രം തീര്‍ത്ത ഛോട്ടാ മുംബൈ ഇപ്പോഴും ആവേശം ഒട്ടും ചോരാതെ നിറഞ്ഞോടുകയാണ്. റീ റിലിസായി എത്തിയ ചിത്രം മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല സിനിമാപ്രേമികളെ ഒന്നാകെ തിയറ്ററുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം തിയറ്ററില്‍ നിറഞ്ഞോടുന്നത്.