സ്വന്തം സിനിമയുടെ പ്രേക്ഷകപ്രതികരണമറിയാന്‍ മുഖംമൂടിയണിഞ്ഞ് എത്തി അക്ഷയ് കുമാര്‍. താരത്തിന്‍റെ ഹൗസ്ഫുള്‍ 5 കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമായി മുന്നേറ്റം നടത്തുകയാണ് ചിത്രം. ഇതിനിടയ്ക്കാണ് മുംബൈയിലെ തിരക്കേറിയ ബാന്ദ്രയിലെ ഹൗസ്ഫുള്‍ തിയേറ്ററിന് മുന്നില്‍ പ്രേക്ഷകപ്രതികരണമറിയാന്‍ താരം എത്തിയത്. തിയേറ്ററില്‍ ഇറങ്ങിവരുന്നവരുടെ അടുത്ത് പോയി അഭിപ്രായം ചോദിക്കുന്ന അക്ഷയ്യുടെ വിഡിയോ ഒരിടത്തും കട്ട് ചെയ്യാതെയാണ് പുറത്തുവിട്ടിരിക്കുന്നത്.
'ബാന്ദ്രയില്‍ 'ഹൗസ്ഫുള്‍ 5' കണ്ടിറങ്ങിയ ആളുകളെ കില്ലര്‍ മാസ്‌ക് ധരിച്ച് അഭിമുഖം നടത്താന്‍ തീരുമാനിച്ചു. പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഓടി രക്ഷപ്പെടേണ്ടിവന്നു. രസകരമായ അനുഭവമായിരുന്നു', വീഡിയോ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.
‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ജൂൺ ആറിനാണ് പ്രദർശനത്തിനെത്തിയത്. കൊവിഡിന് ശേഷം അധികം വിജയങ്ങളില്ലാത്ത അക്ഷയ്ക്ക് ആശ്വാസമാണ് ഹൗസ്ഫുള്ളിന്റെ വിജയം.
തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിവരും അണിനിരക്കുന്നുണ്ട്.