1. ഷൈന്‍ ടോം ചാക്കോ കുടുംബത്തോടൊപ്പം. 2. പി.സി. ചാക്കോ (Image Credit: Facebook/ vishnu.rvichu)

1. ഷൈന്‍ ടോം ചാക്കോ കുടുംബത്തോടൊപ്പം. 2. പി.സി. ചാക്കോ (Image Credit: Facebook/ vishnu.rvichu)

അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി.ചാക്കോയുടെ  വേര്‍പാട്. ഷൈനിന്‍റെ ചികില്‍സാര്‍ഥം എറണാകുളത്തുനിന്നും ബെംഗളൂവിലേക്ക് പോകുന്നതിനിടെ തമിഴ്നാട് ധര്‍മപുരിയില്‍വച്ചാണ് ഷൈനും കുടുംബവും സ‍ഞ്ചരിച്ച കാര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുന്നത്. മരണത്തിന് പിന്നാലെ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോയുമായുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ വിഷ്ണു ആമി. ചാക്കോയുടെ മരണത്തോട് മോശം രീതിയില്‍ കമന്‍റിടുന്നവര്‍ അച്ഛനെപ്പറ്റി കൂടി ചിന്തിക്കണമെന്ന് വിഷ്ണു എഴുതി. 

ഉറ്റവർ മരിച്ചു കിടക്കുമ്പോൾ ഇങ്ങനുള്ള കമന്‍റുകൾ വന്നാൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്‍റെയും മാനസികാവസ്ഥ എന്തായിരിക്കും . അതുകൂടി  ചിന്തിച്ചു വേണം ഓരോ കമന്‍റും ഇടാനെന്നും വിഷ്ണു കുറിച്ചു. അദ്ദേഹം തന്‍റെ മക്കളെയും കുടുംബത്തെയും സ്നേഹിച്ചിരുന്നത് മനസിലാക്കാൻ ഓരോരുത്തരും അവരവരുടെ അച്ഛനെ പറ്റി ആലോചിച്ചു നോക്കിയാൽ മാത്രം മതി. ഈയിടെ ചാക്കോയുമായി നേരിട്ടു കണ്ടപ്പോഴുള്ള അനുഭവവും വിഷ്ണൂവിന്‍റെ  കുറിപ്പിലുണ്ട്. 

'ശുക്രൻ സിനിമയുടെ ലൊക്കേഷനിൽ ഷൈനിനൊപ്പം  വന്ന ഡാഡി എന്‍റെ ഫോട്ടോ എന്തിനാ എടുക്കുന്നത് കൊച്ചേ എന്ന് എന്നോട് ചോദിച്ചപ്പോൾ ഡാഡീടെ ബർത്ത്ഡേയ്ക്ക് പോസ്റ്റ്‌ ചെയ്യാം എന്ന് ഞാൻ പറഞ്ഞു... പക്ഷേ ഒരിക്കലും വിചാരിച്ചില്ല ഈ ഫോട്ടോ ഇങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ടി വരും എന്ന്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി പോയി എന്ന വാർത്ത രാവിലെ അറിയുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷേ യഥാർഥ്യത്തെ ഉൾക്കൊണ്ടല്ലേ പറ്റൂ..' എന്നാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കുറിപ്പിലുള്ളത്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

മരണം പോലും ആഘോഷിക്കുന്നവരോട്...

ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി...

 

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ... അദ്ദേഹത്തിന്റെ മരണത്തെക്കാൾ ഏറ്റവും വേദനിപ്പിക്കുന്നത് ഈ അപകടവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് താഴെ വരുന്ന കമന്റുകളാണ്. ചാക്കോ എന്നയാൾ ഒരു വ്യക്തി എന്നതിനേക്കാൾ ഉപരി അദ്ദേഹം ഒരു അച്ഛനായിരുന്നു, അദ്ദേഹത്തിന് പ്രിയപ്പെട്ട മക്കളുണ്ട്, ഒരു കുടുംബമുണ്ട്. ഏതൊരു അച്ഛനെ പോലെയും എത്രത്തോളം അദ്ദേഹം തന്റെ മക്കളെയും കുടുംബത്തെയും സ്നേഹിച്ചിരുന്നു എന്നത് മനസ്സിലാക്കാൻ നിങ്ങൾ ഓരോരുത്തരും അവരവരുടെ അച്ഛനെ പറ്റി ആലോചിച്ചു നോക്കിയാൽ മാത്രം മതി. ആ മക്കൾക്ക് സ്വന്തം അച്ഛനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് ഓർക്കുക. നിങ്ങളുടെ ഉറ്റവർ മരിച്ചു കിടക്കുമ്പോൾ ഇങ്ങനുള്ള കമന്റുകൾ വന്നാൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മാനസികാവസ്ഥ എന്തായിരിക്കും എന്നത് ചിന്തിച്ചിട്ട് വേണം ഓരോ കമന്റും ഇടാൻ. മനസ്സുകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവർ ആരും ഉണ്ടാവില്ല എന്നിരിക്കെ വേട്ട നായ്ക്കളെക്കാൾ ക്രൂരമായ ഇത്തരത്തിലുള്ള കൂട്ട ആക്രമണം ഒഴിവാക്കിക്കൂടെ നാട്ടാരെ.

വിദ്യ കൊണ്ട് പ്രബുദ്ധരായ മലയാളികൾക്ക് വിവേചന ബുദ്ധി കൈമോശം വന്നിരിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വാർത്തകൾക്ക് താഴെ വരുന്ന ഓരോ കമന്റും. സ്വന്തം മക്കൾക്ക് മാത്രമല്ല. അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ഞങ്ങളെപ്പോലുള്ള സിനിമ പ്രവർത്തകർക്കും ചില ഓർമ്മകൾ വളരെ വേദനകൾ സമ്മാനിക്കുന്നതാണ്. ശുക്രൻ സിനിമയുടെ ലൊക്കേഷനിൽ ഷൈന്റെ കൂടെ വന്ന ഡാഡി എന്റെ ഫോട്ടോ എന്തിനാ എടുക്കുന്നത് കൊച്ചേ എന്ന് എന്നോട് ചോദിച്ചപ്പോൾ ഡാഡീടെ ബർത്ത്ഡേയ്ക്ക് പോസ്റ്റ്‌ ചെയ്യാം എന്ന് ഞാൻ പറഞ്ഞു... പക്ഷേ ഒരിക്കലും വിചാരിച്ചില്ല ഈ ഫോട്ടോ ഇങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ടി വരും എന്ന്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി  പോയി എന്ന വാർത്ത രാവിലെ അറിയുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷേ യഥാർഥ്യത്തെ ഉൾക്കൊണ്ടല്ലേ പറ്റൂ... ഓർമകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു... 

ENGLISH SUMMARY:

Following the sudden demise of Shine Tom Chacko’s father C.P. Chacko in a tragic road accident near Dharmapuri, photographer Vishnu Aami shared a heartfelt memory. Vishnu urged people making insensitive comments to reflect on the loss of a father and show empathy during this difficult time for Shine and his family.