ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സേതുനാഥ് പദ്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നു എന്നാണ് പറയുന്നത്. കിഷ്കിന്ധാകാണ്ഠം, രേഖാചിത്രം എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി വിജയം തുടരും എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
പതിവുപോലെ ആസിഫ് അലിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. ‘നീതിക്ക് വേണ്ടിയൊരു വിവാഹിതനായ യുവാവിന്റെ സത്യാന്വേഷണങ്ങളാണ് ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി എന്ന സിനിമ. ട്രെയിലറിൽ നിന്ന് ഊഹിക്കാവുന്നത് പോലെ ഭാര്യ കൊടുത്ത കള്ള കേസിൽ കുടുങ്ങുന്ന സഹദേവനും അയാളുടെ നിരപരാധിത്വവും തന്നെയാണ് ആഭ്യന്തര കുറ്റവാളിയുടെ കഥ. പക്ഷേ ആ ഊഹങ്ങൾ ഒരിക്കലും ഈ സിനിമയുടെ തിയറ്റർ വാച്ചിനെ മടുപ്പിച്ചിട്ടുമില്ല. പറയേണ്ട കാര്യങ്ങൾ പറയേണ്ട രീതിയിൽ തന്നെ ഈ സിനിമ പറയുന്നുണ്ട്. അതും സ്ത്രീകൾക്കായുള്ള നിയമങ്ങൾ ഏതൊക്കെ തരത്തിൽ ദുരുപയോഗപ്പെടാം എന്നുള്ള പഴുതുകൾ ഉൾപ്പടെ ചൂണ്ടി കാണിച്ചുകൊണ്ട്,' എന്നാണ് രാഗേഷ് കെ.പി. എന്ന പ്രേക്ഷകന്റെ പ്രതികരണം
ഒരാണിന്റെ നിസഹായവസ്ഥയെ ഇതിലും നന്നായി സ്‌ക്രീനിൽ കാണിക്കാൻ ഇന്നത്തെ തലമുറയിൽ മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഒപ്പം സിദ്ധാർഥ് ഭരതൻ, അനന്ദ് മന്മധൻ, അസീസ് നെടുമങ്ങാട് എന്നിവരും നല്ല പ്രകടനം ആയിരുന്നുവെന്നും സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.