Picture Credits @mohanlal
ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഇരുവരും ഒന്നിച്ചുള്ള ഒരു മനോഹര ചിത്രത്തിനൊപ്പമാണ് ലാലേട്ടന്‍ പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ’, ‘ലാലേട്ടന്റെ സ്വന്തം സുചി ചേച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. ഇരുവരുടെയും പ്രണയകഥയും സമൂഹമാധ്യമത്തില്‍ നിറയുകയാണ്.
മോഹന്‍ലാല്‍ ഒരഭിമുഖത്തില്‍ തന്‍റെ വിവാഹവാര്‍ഷികം മറന്നുപോയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘ഒരിക്കൽ വിവാഹവാർഷികത്തിന് സുചി എനിക്കൊരു സമ്മാനം തന്നു. വിവാഹവാർഷികമാണെന്നു ഞാൻ മറന്നു പോയിരുന്നു. അത് സുചിക്കും മനസ്സിലായി. അതത്ര നല്ല കാര്യമൊന്നുമല്ല, എന്നിട്ടും വളരെ ഈസിയായി സുചി കൈകാര്യം ചെയ്തു. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു, ‘ബാഗിലൊരു സാധനം വച്ചിട്ടുണ്ട്. ഒന്നു തുറന്നു നോക്കൂ.’ ഞാന്‍ നോക്കിയപ്പോൾ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതിൽ എഴുതിയിട്ടുണ്ട്, ‘ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക’. മോഹന്‍ലാല്‍ പറഞ്ഞ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം എത്ര നല്ല ഭര്‍ത്താവണെന്ന് നോക്കൂ, ആ സംഭവത്തിനു ശേഷം അദ്ദേഹം ജീവിതത്തിലെ പ്രധാന ദിവസങ്ങളെല്ലാം ഓര്‍ത്തുവയ്ക്കുന്നു എന്നാണ് പലരും സമൂഹമാധ്യമത്തില്‍ പറഞ്ഞിരിക്കുന്നത്.
ഏപ്രില്‍ 28നാണ് മോഹന്‍ലാലിന്‍റെയും സുചിത്രയുടെയും വിവാഹവാര്‍ഷികം. 37–ാം വിവാഹവാര്‍ഷികമാണ് ഇക്കൊല്ലം ഇരുവരും ആഘോഷിച്ചത്. 'ഹാപ്പി അനിവേഴ്സറി പ്രിയപ്പെട്ട സുചീ. എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്നെന്നും നിന്‍റേത് മാത്രം' എന്ന കുറിപ്പോടെ സുചിക്ക് സ്നേഹചുംബനം നല്‍കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നത്.
1988 ഏപ്രില്‍ 28നാണ് പ്രമുഖ നിര്‍മാതാവായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല്‍ വിവാഹം കഴിച്ചത്. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ പ്രേം നസീര്‍ ഉള്‍പ്പടെ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം അന്ന് പങ്കെടുത്തു. അന്നും ഇന്നും കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് താനെന്നും വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ മോഹന്‍ലാലിനോട് മിണ്ടാന്‍ പോലുമായില്ലെന്നും സുചിത്ര കോവിഡ് കാലത്ത് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തനിക്കായി പാചകം ചെയ്യുന്ന, കുട്ടികളുടെ കാര്യങ്ങള്‍ കരുതലോടെ നോക്കുന്ന വീട്ടുകാരനാണ് താരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അടുത്തിടെയായി സുചിത്ര ചില അഭിമുഖങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. അഭിമുഖങ്ങള്‍ കണ്ടവരിലേറെയും ‘സുചി ചേച്ചി ലാലേട്ടന്റെ ഭാഗ്യം ആണ്’ എന്നാണ് കമന്‍റിട്ടത്. ‘എല്ലാ നടന്മാരുടെ ഭാര്യമാരും ഇന്റർവ്യൂനു വന്നു പേരെടുത്തു പറഞ്ഞു സംസാരിക്കുമ്പോൾ ചേട്ടൻ എന്ന് മാത്രം വിളിച്ചു സംസാരിക്കുന്ന ഭാര്യ’, ‘ലാലേട്ടനോടുള്ള ആരാധനയേക്കാള്‍ ഇപ്പോൾ ആരാധന തോന്നുന്നത് സുചി ചേച്ചിയോടാണ്’ എന്നിങ്ങനെ പോകുന്ന കമന്‍റുകളില്‍ ‘ആയുരാരോഗ്യത്തോടെ നിങ്ങൾ ഈ ലോകത്ത് ഇത് പോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ’ എന്ന് ആശംസിക്കുന്ന ആരാധകരെയും കാണാം.