വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മോഹൻലാലിന് കണ്ണപ്പ ടീം പിറന്നാൾ ആശംസകൾ നേരുന്നുമുണ്ട്.
'കണ്ണപ്പ' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജള്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂണ്‍ 27നാണ് റിലീസിനെത്തുന്നത്. 'കിരാത' എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.
ഈ കഥാപാത്രം 15 മിനിറ്റ് മാത്രമാണ് സിനിമയിലുള്ളത് എന്നും എന്നാൽ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്നും നായകനായ വിഷ്ണു മഞ്ചു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചിത്രത്തിന്റെ ഭാഗമാകുന്നതിന് മോഹൻലാൽ പണം ഒന്നും സ്വീകരിച്ചില്ലെന്നും വിഷ്ണു നേരത്തെ അറിയിച്ചിരുന്നു.
എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.