കമൽ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ‘തഗ് ലൈഫി’ല്‍ ഒരുപാട് പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ശനിയാഴ്ച ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങുകയും ചെയ്തു. ട്രെയിലറിന് ഓൺലൈനിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ട്രെയിലറില്‍ കാണിച്ച കമല്‍ഹാസനും അഭിരാമിയും തമ്മിലുള്ള ലിപ്‌ലോക്ക് രംഗത്തിന് വലിയ വിമര്‍ശനമാണുയരുന്നത്. തൃഷയുമായുള്ള ഇന്‍റിമേറ്റ് സീനുകളും അഭിരാമിയുമായുള്ള ലിപ്‌ലോക് സീനുകളുടേയും സ്ക്രീന്‍ഷോട്ടുകളാണ് ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്.
കമൽ ഹാസനും തൃഷ കൃഷ്ണനും തമ്മിലുള്ള പ്രണയ രംഗങ്ങളും കമൽഹാസൻ നടി അഭിരാമിയെ ചുംബിക്കുന്ന സ്ക്രീൻഷോട്ടും ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കിട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ‘ദൈവമേ, വേണ്ട’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കിട്ടത്. ഇതോടെ കമലഹാസനും സഹതാരങ്ങളും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു. ‘കമലഹാസന് 70 വയസ്സും തൃഷയ്ക്കും അഭിരാമിക്കും 42 വയസ്സുമാണ്, ശ്രുതി ഹസ്സനെക്കാൾ തൃഷയ്ക്ക് മൂന്ന് വയസ്സ് കൂടുതലാണ്’ എന്നാണ് റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചത്. ‘30 വയസ്സിന്റെ വ്യത്യാസം!’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതേസമയം, കമല്‍ ഹാസനെ പിന്തുണച്ചും നെറ്റിസണ്‍സ് രംഗത്തുണ്ട്.
നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. കമൽഹാസനും സിലംബരസനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1987-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ നായകൻ എന്ന ചിത്രത്തിന് ശേഷം മണിരത്നവും കമൽഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ് . ജൂൺ 5 ന് ചിത്രം തിയേറ്ററുകളിലെത്തും.