വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് തിരിച്ചു പോകവെയാണ് ഇന്നലെ നടന്‍ വിശാല്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാല്‍ രാവിലെ കുടിച്ചത് ഒരു ജ്യൂസ് മാത്രമാണെന്നും മറ്റു ഭക്ഷണം ഒന്നും തന്നെ കഴിച്ചില്ലെന്നും അതാണ് തലകറങ്ങാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്.
കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാന്‍സ്ജെൻഡറുകള്‍ക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാല്‍ എത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിനു മറ്റു പ്രശ്നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം അദ്ദേഹത്തോടു നിർദേശിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ നടന്റെ ടീം വെളിപ്പെടുത്തി.
നേരത്തെ ‘മദ ഗദ രാജ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ കടുത്ത പനിയും വിറയലോടെയുമാണ് വിശാല്‍ എത്തിയത്.പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു. ഈ സംഭവത്തോടെ നടന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു പല തരത്തിലുള്ള ആശങ്കകളും ചർച്ചകളുമാണ് ആരാധകരുടെ ഇടയിൽ നടക്കുന്നത്.