thudarum-debut

TOPICS COVERED

തുടരും സിനിമയിൽ നടൻ മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ട് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് 83കാരന്‍. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ഗോപിനാഥൻ പിള്ളയാണ് കക്ഷി. പ്രായം വെറും നമ്പർ മാത്രം എന്നാണ് ഗോപിനാഥൻ പിള്ളയുടെ പക്ഷം. ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തുന്ന മോഹൻലാലിന്‍റെ കാറിലെ സ്ഥിരം യാത്രികനായാണ് ഗോപിനാഥൻ പിള്ള സ്ക്രീനിലെത്തിയത്. ഉരുളയ്ക്കുപ്പേരി പോലെ ബെൻസിന് മറുപടി കൊടുക്കുന്ന യാത്രക്കാരനെ പ്രേക്ഷകർ അത്രപെട്ടെന്ന് മറക്കില്ല. 

പേരക്കുട്ടി മിത്രയുടെ ഇൻസ്റ്റഗ്രാം റീലുകളിലൂടെയാണ് ഗോപിനാഥൻ പിള്ള അഭിനയ രംഗത്ത് കടക്കുന്നത്. നിഷ്കളങ്കമായ വർത്തമാനം, കുലുങ്ങിയുള്ള ചിരി - ഇത് രണ്ടുമാണ് ഹൈലൈറ്റ്. സംവിധായകൻ തരുൺ മൂർത്തി കഥാപാത്രത്തിൽ ആഗ്രഹിച്ചതും ഇതുതന്നെ.

സിനിമയിലെത്താൻ ആദ്യമൊരു മടിയൊക്കെ ഉണ്ടായിരുന്നെങ്കിലും സംവിധായകന്‍റെ നിർബന്ധത്തിൽ അതലിഞ്ഞ് ഇല്ലാതായി. കഴിഞ്ഞ മെയ് മാസം തൊടുപുഴയിൽ ആയിരുന്നു ഷൂട്ട്.

ഫാലിമി ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലേക്ക് മുൻപും ക്ഷണം ലഭിച്ചിരുന്നെങ്കിലും പോകാനായിരുന്നില്ല. ലൊക്കേഷനുകൾ അടുത്താണെങ്കിൽ സിനിമകളിൽ ഇനിയും തുടരാനാണ് ഗോപിനാഥൻ പിള്ളയുടെ തീരുമാനം.