തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ വിനീത് പറയുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിക്കുന്നുണ്ട്.
ഞാൻ വർക്കിന് പോകുന്ന സ്ഥലത്ത് വെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയിൽ വന്ന് മൈക്ക് കെട്ടി വെച്ച് വിളിച്ച് പറയണം, എന്റെ വീട്ടിലേക്ക് വന്ന് തല്ലണം, വീട് ആക്രമിക്കണം, കല്യാണം മുടക്കണം എന്നൊക്കെയാണ് ഇവർ പറയുന്നത്. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകൾ ചേർന്ന് എന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. എനിക്കിത് താങ്ങാൻ പറ്റുന്നില്ല. ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കും. ഞാൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ്, സീമ പറയുന്നു.
ഞാൻ പിടിച്ച് പറിക്കാരിയാണെന്ന് പറയുന്നു. പത്ത് പതിനഞ്ച് വർഷമായി നന്നായി ജോലി ചെയ്താണ് ഞാൻ ജീവിക്കുന്നത്. എന്‍റെ എല്ലാ പേഴ്സണൽ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യാറുണ്ട്. ഈ വോയ്സ് കേട്ട് എങ്ങനെയോ ആണ് വീട്ടിലെത്തിയത്. വീടായ കാലം മുതൽ എല്ലാവരുമുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഞാൻ താമസിക്കുന്നത്. അപ്പോൾ എനിക്ക് പേടിയുണ്ട്. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ടെന്നും സീമ വിനീത് പറയുന്നു.