2023ല്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ട ചിത്രമാണ് പ്രഭാസിന്‍റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി എടുത്ത ചിത്രത്തിലെ വിഎഫ്എക്സും കോപ്പിയടികളുമാണ് വിമര്‍ശനത്തിനിടയാക്കിയത്. കൃതി സെനോണ്‍ നായികയായ ചിത്രത്തില്‍ സെയ്ഫ് അലി ഖാനായിരുന്നു വില്ലന്‍. താരം അവതരിപ്പിച്ച രാവണന്‍റെ മേക്കോവറിനെതിരെയും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ചിത്രം തന്‍റെ മകനെ കാണിച്ചതിനെ പറ്റി സംസാരിക്കുകയാണ് സെയ്ഫ്. സിനിമ കണ്ടുകൊണ്ടിരിക്കെ തൈമൂര്‍ തന്നെ ഒരു പ്രത്യേക നോട്ടം നോക്കിയെന്നും സിനിമ കാണിച്ചതില്‍ അവനോട് താന്‍ ക്ഷമ ചോദിച്ചുവെന്നും നെറ്റ്ഫ്ളിക്സ് യൂട്യൂബ് ചാനലില്‍ ജയ്ദീപ് അഹ്ലാവതുമായി നടത്തിയ സംഭാഷണത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
'ഞാന്‍ അവനെ ആദിപുരുഷ് കാണിച്ചു. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തൈമൂർ ഒരു പ്രത്യേക നോട്ടം നോക്കി. അത് അവന് സിനിമ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്ന് എനിക്ക് മനസിലായി. ആ സിനിമയില്‍ വില്ലനായി അഭിനയിച്ചതില്‍ മകനോട് ക്ഷമ ചോദിച്ചു. ഭാഗ്യവശാൽ മകൻ എന്നോട് ക്ഷമിച്ചു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് അവന്‍ പറഞ്ഞു,' സെയ്ഫ് അലി ഖാന്‍ പറഞ്ഞു.