ഗായകൻ സോനു നിഗമിനെതിരെ കേസ്. കന്നഡികരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാണിച്ചു അവലഹള്ളി പൊലീസാണ് കേസെടുത്തത്. ഈസ്റ്റ് പോയിന്റ് കോളജിലെ സംഗീതപരിപാടിക്കിടെ നടത്തിയ 'പഹല്‍ഗാം' പരാമർശത്തില്‍ കർണാടക സംരക്ഷണ വേദികെ എന്ന കന്നഡ സംഘടനയാണ് അവലഹള്ളി പൊലീസിൽ പരാതി നൽകിയത്. ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, മതപരമോ ഭാഷാപരമോ ആയ വികാരങ്ങൾ വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കന്നഡ ഗാനം പാടാൻ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗത്തില്‍നിന്നും വിവാദപരാമര്‍ശമുണ്ടായത്. സോനു നിഗത്തോട് ഒരു വിദ്യാർത്ഥി 'കന്നഡ, കന്നഡ' എന്ന് പരുഷമായ രീതിയില്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ‘കന്നഡ ഗാനങ്ങള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്. കര്‍ണാടകയിലെ ജനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. എല്ലാ ഭാഷകളിലും ഞാന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങളാണ്. ഒരുപാട് സ്‌നേഹത്തോടെയാണ് നിങ്ങള്‍ക്കിടയിലേക്കു വരുന്നത്. പക്ഷേ ഒരു പയ്യന്‍, അവന് എത്ര വയസ്സുണ്ടെന്ന് എനിക്കറിയില്ല. അവന്‍ ജനിക്കുന്നതിനു മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. അവന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘കന്നഡ, കന്നഡ’ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. ഇങ്ങനെയൊക്കെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്. നിങ്ങളുടെ മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് ദയവായി മനസിലാക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,’ എന്നായിരുന്നു പ്രതികരണം.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയുള്ള പരാമർശം കന്നഡിക സമൂഹത്തെ അപമാനിച്ചെന്നും അവരുടെ സാംസ്കാരിക–ഭാഷാ സ്വത്വത്തെ അക്രമത്തോടും അസഹിഷ്ണുതയോടും സമമാക്കി കാണിച്ചത് അംഗീകരിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു. ഇത്തരമൊരു പരാമർശം രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കന്നഡികർക്കെതിരെ അക്രമമുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.