ബോക്സ്ഓഫിസിൽ കോടികൾ വാരി ‘തുടരും’ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ക്കും ഫാൻസ് പ്രവർത്തകര്‍ക്കും ഒപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചു. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'ഹൃദയപൂര്‍വ്വം' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം.ഇതിനിടെയാണ് സംവിധായകന്‍ തരുണ്‍മൂര്‍ത്തി മോഹന്‍ലാലിനോട് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചത്, ഉടനെ തന്നെ മോഹന്‍ലാല്‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുകയായിരുന്നു.
ചിത്രം ഇത്രയും ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിന്റെ സാന്നിധ്യത്തിൽ വിജയാഘോഷം നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആൻഡ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ വിവരം അവർ മോഹൻലാലിനെ അറിയിക്കുകയും ചെയ്തു. സിനിമയുടെ വിജയത്തിനു ശേഷം മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ഒരു ചടങ്ങ് അതായിരുന്നു സംഘാടകരുടെ ആഗ്രഹം. മേയ് രണ്ടിന് ഹൃദയപൂർവം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡന്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതമായ ഒരുചടങ്ങ് സംഘടിപ്പിച്ചു. നിർമാതാവ് എം. രഞ്ജിത്ത് ഇതേ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഫാൻസ് ഭാരവാഹികൾ രഞ്ജിത്തിനെകണ്ട് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നുണ്ടെന്ന കാര്യം അറിയിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു.