ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെ നിയന്ത്രിക്കുകയും തിരുത്തുകയും വേണമെന്ന് ഫെഫ്ക ജനറൽസെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബിന് അയച്ച കത്തിലാണ് ബി.ഉണ്ണിക്കൃഷ്ണന്റെ ആവശ്യം. മാധ്യമങ്ങളിൽ തന്നെയും ഫെഫ്കയെയും ലക്ഷ്യമിട്ട് സജി ആരോപണം ഉന്നയിക്കുന്നുവെന്നും ഫെഫ്കയുടെ സാങ്കേതിക പ്രവർത്തകരിൽ പലരും ലഹരിക്കടിമയാണെന്ന് സജി ആരോപിച്ചതായും ബി.ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞു. വിഷയം ഫിലിം ചേംബർ എക്സിക്യൂട്ടീവ് ഇന്ന് ചർച്ച ചെയ്യും. നേരത്തെ വിൻസിയുടെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റിയുടെ തെളിവെടുപ്പിനിടെ ഷൈൻ ടോം ചാക്കോയെയും സിനിമയുടെ നിർമാതാവിനെയും വിളിച്ചുവരുത്തിയ ഫെഫ്കയുടെ നടപടിക്കെതിരെ സജി നന്ത്യാട്ട് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം ബി.ഉണ്ണിക്കൃഷ്ണന് വ്യക്തിവൈരാഗ്യമാണെന്ന് സജി നന്ത്യാട്ട് മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഫെഫ്കയിലുള്ളവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഫെഫ്കയിലുള്ളവര്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സ്ഥാനം ഒഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഉണ്ണിക്കൃഷ്ണനെ ഭയന്നിട്ടാണ് ആരും ഒന്നും മിണ്ടാത്തതെന്നും സജി നന്ത്യാട്ട്. പറഞ്ഞു.