jinto-bisboss

TOPICS COVERED

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണത്തില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമെ അഞ്ച് പേരുടെ പേരുകള്‍ കൂടി ഉയര്‍ന്നു വന്നിരുന്നു. ബിഗ് ബോസ് താരം ജിന്റോയ്ക്കും എക്‌സൈസ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി ജിന്റോ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും . കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ പറയുന്നു. എക്‌സൈസ് നോട്ടീസ് അയച്ചിരുന്നു, അത്  സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജിന്റോ പറയുന്നത്. 

ജിന്റോയുടെ വാക്കുകള്‍ 

നമ്മളെക്കുറിച്ച് കുറേ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് ഒരുപാട് ട്രോളുകളും മറ്റും വന്നിരുന്നു. പുറത്തിറങ്ങിയ ശേഷം അതിനോടൊന്നും പ്രതികരിക്കാന്‍ വന്നിട്ടില്ല. അതൊക്കെ ഒരു ഗെയ്മിന്റെ ഭാഗമായിട്ടേ എടുത്തിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ വേണ്ടി ചെയ്തതാകാം എന്നാണ് കരുതിയത്. പുറത്തിറങ്ങിയ ശേഷം കൂടെ മത്സരിച്ചവരും അവരുടെ ഫാന്‍സും സുഹൃത്തുക്കളും എന്നെക്കുറിച്ച് പലതും പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനൊന്നും ഞാന്‍ മറുപടി കൊടുക്കാന്‍ പോയിട്ടില്ല. കൂടെ മത്സരിച്ചവരോട് നന്ദി മാത്രമേ പറഞ്ഞിട്ടുള്ളൂ.

പക്ഷെ ഇപ്പോള്‍ എന്നെക്കുറിച്ച് നടക്കുന്നത് വ്യാജ പ്രചരണമാണ്. എന്റെ സ്ഥാപനത്തില്‍ പത്രസമ്മേളനം വിളിച്ചു വരുത്താന്‍ കാരണം അന്നം തരുന്ന ഇടം ആയതിനാലാണ്. അതിന് തന്നെ തടസം വരുത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്റെ കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. ഒത്തിരി പേരെ വിളിപ്പിച്ചിട്ടുണ്ട്. അവരുടെ ഫോണിലേക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്തവര്‍ മുതല്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തവരെയെല്ലാം വിളിപ്പിച്ചിട്ടുണ്ട്

കുറേ മാധ്യമപ്രവര്‍ത്തകരും മുന്‍ ബിഗ് ബോസ് താരങ്ങളും എന്നെ അറസ്റ്റ് ചെയ്തതായി പറഞ്ഞുണ്ടാക്കി. എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ഞാന്‍ ഇവിടെ തന്നെയുണ്ട്. അറസ്റ്റ് ചെയ്യാന്‍ പാകത്തിന് ഒന്നും ചെയ്തിട്ടില്ല. ഈ വാര്‍ത്ത പുറത്ത് വന്ന ദിവസം ആലപ്പുഴയില്‍ എന്റെ ഗുരുതുല്യനായ പണിക്കര്‍ സാര്‍ മരിച്ചപ്പോള്‍ പോയിരുന്നു. കൂടെ വര്‍ക്ക് ചെയ്തവരോടെല്ലാം ഇങ്ങനൊരു വ്യാജ പ്രചരണം നടക്കുന്നതായി ഞാന്‍ പറഞ്ഞിരുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് പോലെയാണ് ഓരോന്ന് പറയുന്നത്.

ഇങ്ങനൊരു പത്രസമ്മേളനം വിളിക്കാന്‍ കാരണം, ജനങ്ങളാണ് എന്നെ വിജയിപ്പിച്ചത്. അതിനാല്‍ എനിക്ക് നിങ്ങളോട് പറയേണ്ടതായുണ്ട്. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളല്ല. ആകെ ചെയ്യുന്നത് സിഗരറ്റ് വലിക്കുക എന്നതാണ്. അത് എല്ലാവര്‍ക്കും അറിയുന്നതാണ്. ലോകമെമ്പാടും കാണ്‍കെ വലിച്ചിട്ടുള്ളതാണ്. ഇപ്പോഴും വലിക്കുന്നുണ്ട്. പക്ഷെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതല്ലാതെ ഈ കാര്യവുമായി യാതൊരു ബന്ധവുമില്ല.പണം ട്രാന്‍സ്ഫര്‍ ചെയ്തതിനെക്കുറിച്ച് പറയാം. ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഞാന്‍ സഹായം ചെയ്യാറുണ്ട്. മദര്‍ തെരേസ അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍. എന്റെ അക്കൗണ്ടില്‍ നിന്നും പല ആളുകള്‍ക്കും ഞാന്‍ സഹായം ചെയ്യാറുണ്ട്. അച്ഛന് സുഖമില്ല പെട്ടെന്ന് സഹായിക്കണം എന്നാകും ചിലര്‍ പറയുക. ആ സമയത്ത് കൂടുതല്‍ ചോദിക്കാന്‍ പോകില്ല. കൊടുക്കാറേയുള്ളൂ. പലരും പറ്റിക്കാറുമുണ്ട്. അതെനിക്ക് ഇഷടം പോലെ സംഭവിച്ചിട്ടുണ്ട്. വീടിന് വാടക കൊടുക്കാനില്ല എന്ന് പറയുന്നവരുണ്ട്. എന്തൊക്കെ പറഞ്ഞ് സഹായിച്ചിട്ടുണ്ടെന്നറിയുമോ? ഞാന്‍ ഇന്നുവരെ എതിര്‍ത്ത് ഒന്നും ചോദിച്ചിട്ടില്ല.

ഭക്ഷണം കഴിക്കാന്‍ പൈസയില്ലെന്ന് പറയുന്നവര്‍ക്കും പൈസ കൊടുക്കാറുണ്ട്. ബിഗ് ബോസില്‍ പോകുന്നതിന് മുമ്പും അങ്ങനെയായിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷമുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. എല്ലാവരും ചെലവ് ചെയ്യാന്‍ പറയും. എന്റെ പിആര്‍ ജനങ്ങളാണ്. ഞങ്ങളെ പിന്തുണച്ച ആളുകള്‍ ഒരുപാടുണ്ട്. അവര്‍ ചെലവ് ചോദിക്കുമ്പോള്‍ ഞാന്‍ കൊടുക്കാറുണ്ട്.നമ്മളെ കരിവാരിത്തേച്ച് വെറുതെ മുന്നോട്ട് പോകരുത്. അതിശക്തമായി തന്നെ നിയമപരമായി മുന്നോട്ട് പോകും. എനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരേയും കേസ് പോകും. എന്റെ പ്രസ്ഥാനത്തെ ബാധിക്കുന്നതാണ്. എനിക്ക് മുന്നോട്ട് പോയേ പറ്റുകയുള്ളൂ. എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. വാര്‍ത്ത വന്നപ്പോള്‍ തന്നെ ഞാന്‍ പൊലീസിനെ വിളിച്ചിരുന്നു. ഒരുപാട് പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഞാനുമുണ്ട്. അവരുടെ കോണ്ടാക്ടിലുള്ള എല്ലാവര്‍ക്കും മെസേജ് അയച്ചിട്ടുണ്ട്

ENGLISH SUMMARY:

As the investigation into the Alappuzha hybrid cannabis case progresses, more names, including Bigg Boss fame Jinto, surfaced alongside Shine Tom Chacko and Sreenath Bhasi. Responding to reports, Jinto clarified that he has never used drugs and has no connection to the case. He added that the Excise notice he received was part of a routine procedure.