asif-ali-abyanthara-kuttavali

TOPICS COVERED

ആഭ്യന്തര കുറ്റവാളി സിനിമ റിലീസ് നീണ്ടുപോകുന്നതില്‍ വിശദീകരണവുമായി ആസിഫ് അലിയും സംവിധായകന്‍ സേതുനാഥ് പദ്​മകുമാറും നിര്‍മാതാവ് നൈസാം സലാമും.ചിത്രത്തിൻറെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ നിർമാതാവായ നൈസാം സലാമിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസ് മുടങ്ങിയത്. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും സംവിധായകന്‍ പറഞ്ഞു. ആരോപണമുന്നയിച്ച വ്യക്തിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് നിര്‍മാതാവ് നൈസാം സലാമും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങൾ വന്നത്. പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 

എന്‍റെ നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ട്,' സേതുനാഥ് പറഞ്ഞു. 

വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടന്ന് അനുകൂല വിധി സമ്പാദിച്ച് അടുത്തമാസം സിനിമ പ്രദർശനത്തിനെത്തിക്കാൻ പറ്റുമെന്നാണ് കരുതുന്നതെന്നും നിർമാതാവ് നൈസാം സലാം പ്രതികരിച്ചു. ഇവരെയൊന്നും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് ആസിഫ് അലിയും പറഞ്ഞു. 

ENGLISH SUMMARY:

Actor Asif Ali, director Sethunath Padmakumar, and producer Naisam Salam have responded to the delay in the release of the film Aabhyanthara Kuttavaali. The release was halted after production partners filed a complaint against Naisam Salam, pointing to financial irregularities linked to the film’s original producer. Director Sethunath stated that they have approached the Supreme Court and have decided to deal with the matter legally.